.jpg?$p=cc29bd4&f=16x10&w=856&q=0.8)
നീലഗിരി കോത്തഗിരി കരിക്കയ്യൂർ പൊരിവരൈ ഗ്രാമത്തിലെ ശിലാചിത്രങ്ങളിൽ ചിലത്
പരമ്പരാഗത ജീവിതശൈലികള്‍ ചിത്രങ്ങളായി വലിയ പാറയില്‍ വരച്ചെടുത്ത വിനോദസഞ്ചാരകേന്ദ്രമുണ്ട് നീലഗിരിയില്‍. ആ ചിത്രങ്ങള്‍ അതേപടി കാന്‍വാസിലാക്കിയ ചിത്രകാരന്മാര്, തങ്ങളുടെ പൂര്‍വസ്മൃതികളെ പ്രചരിപ്പിക്കുകയാണിപ്പോള്‍. അത് അവരുടെ വരുമാനമാര്‍ഗവുമാണ്.
കോത്തഗിരിക്കടുത്ത കരിക്കയ്യൂരിനടുത്ത പൊരിവരൈ ഗ്രാമത്തിലാണ് 100 മീറ്ററോളം നീളവും 80 അടി ഉയരവുമുള്ള കൂറ്റന്‍ പാറയില്‍, 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകൃതിദത്തമായ നിറങ്ങളാല്‍ വരച്ചതെന്നു കരുതുന്ന ചിത്രങ്ങളുള്ളത്. ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ കാലപ്പഴക്കത്താല്‍ മങ്ങിത്തുടങ്ങിയെങ്കിലും അവിടത്തെ യുവാക്കള്‍ക്ക് വരുമാനമാര്ഗമായിരിക്കുകയാണിപ്പോള്. ചിത്രങ്ങള്‍ അതേപടി ക്യാന്‍വാസുകളിലേക്ക് പകര്‍ത്തി വില്‍ക്കുകയാണിവര്‍.
പ്രകൃതിദത്തമായ വസ്തുക്കളുപയോഗിച്ച് യുവാക്കള്‍ വരച്ച ചിത്രങ്ങളില്‍ ഒരു കാലഘട്ടത്തില്‍ നിലനിന്ന ഗോത്രജീവിതശൈലി പ്രതിഫലിക്കുന്നു. പൂര്‍വികരുടെ ജീവിതരീതികള്‍, സംസ്കാരം, ഭക്ഷണക്രമം, വേട്ടയാടല്‍, കന്നുകാലികള്‍, സംഗീതോപകരണങ്ങള്‍, ആയുധങ്ങള്‍, തൊഴിലുകള്‍ എന്നിവയാണ് ചിത്രങ്ങളിലുള്ളത്. സസ്യങ്ങള്‍, പൂക്കള്‍, പാല്, മണ്ണ് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ നിറക്കൂട്ടുകളിലാണ് ഇവ വരച്ചതെന്നാണ് ഇതുസംബന്ധിച്ച് പഠിച്ചവരുടെ നിഗമനം.

കൃത്യമായ കാലപ്പഴക്കം നിര്‍ണയിക്കാന്‍ പറ്റാത്ത ഇവയ്ക്ക് കാര്യമായ ക്ഷതവുമേറ്റിട്ടില്ല. ഈ പ്രദേശം പുരാവസ്തുവിഭാഗം സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നീലഗിരി ജില്ലയിലെ കോത്തഗിരിക്ക് സമീപമുള്ള ഇടതൂര്‍ന്ന വനങ്ങളോട് ചേര്‍ന്ന ഈ ഗ്രാമത്തില്‍ ദരിദ്രരായ ഗോത്രവര്‍ഗക്കാരാണ് കൂടുതലും താമസിക്കുന്നത്. ഈ പൂര്‍വിക ശിലാചിത്രങ്ങള്‍ പുറംലോകത്തെത്തിക്കാനുള്ള ശ്രമമാണ് ചിത്രങ്ങളാക്കി കാന്‍വാസില്‍ പകര്ത്തിനല്കുന്നതെന്ന് ചിത്രകാരന്മാര് പറയുന്നു. ഇതിലൂടെ കാര്യമായ വരുമാനം അവര്‍ നേടുന്നുണ്ട്. പ്രകൃതിദത്തമായ ആല്‍മരത്തിന്റെ പാല്, ചെടികള്‍, പൂക്കള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ചായങ്ങള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്.
കാരിക്കയൂരിലെ ശിലാചിത്രങ്ങളില്‍ ഗോത്രത്തിന്റെ ജീവിതരീതിയാണ് പ്രതിപാദ്യം. ഇത് പേപ്പറില്‍ പകര്‍ത്തിയാണ് വില്‍ക്കുന്നത്.
നീലഗിരി ട്രൈബല്‍ യൂണിയന്റെ നേതൃത്വത്തില്‍ കുഞ്ചപ്പനൈയിലെ ട്രൈബല്‍ പ്രോഡക്ട് സെയില്‍സ് സെന്ററിലാണ് ആദിവാസിയുവാക്കള്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..