ഊട്ടി: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഊട്ടിയുള്‍പ്പെടുന്ന നീലഗിരി ജില്ലയിലേക്ക് പ്രവേശനമനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. കോവിഡ് വ്യാപനം മൂലം ഈയടുത്താണ് ഊട്ടിയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള യാത്ര സര്‍ക്കാര്‍ വിലക്കിയത്. കേസുകള്‍ കുറഞ്ഞതോടെ വീണ്ടും വിനോദസഞ്ചാരത്തിനുള്ള അവസരമൊരുങ്ങി. 

പക്ഷേ നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജില്ലയിലേക്ക് മറ്റിടങ്ങളില്‍നിന്ന് വരുന്നവരുടെ എണ്ണം കൂടിയതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

നീലഗിരിയിലുള്ളവര്‍ പുറത്തുപോയി വരുമ്പോഴും ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നത്.

ആളുകള്‍ കൂട്ടമായെത്തുന്നത് കോവിഡ് വ്യാപനത്തിനിടയാക്കുമെന്ന ആശങ്ക നേരത്തെ ആരോഗ്യവിഭാഗം ജില്ലാഭരണകൂടത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പുതിയ ഉത്തരവ്. കേരളത്തില്‍ സിക്ക വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ കര്‍ശനപരിശോധനയ്ക്കും നിര്‍ദേശമുണ്ട്. മഴ ശക്തമായ സാഹചര്യത്തില്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും ഫോഗിങ് നിര്‍ബന്ധമാക്കാനും ആരോഗ്യവിഭാഗത്തിന് നിര്‍ദേശം നല്‍കി.

Content Highlights: Nilgiri district, Ooty tourism, covid 19, travel news