
നെയ്യാറിലെ ഈരാറ്റിൻപുറത്ത് റോക്ക് പാർക്ക് നിർമിക്കുന്ന പാറക്കൂട്ടം | Photo: Mathrubhumi
നെയ്യാറ്റിന്‍കര: പ്രകൃതിസൗന്ദര്യം ആസ്വദിക്കാനായി നെയ്യാറിലെ ഈരാറ്റിന്‍പുറത്ത് വിനോദസഞ്ചാരകേന്ദ്രം വരുന്നു. നെയ്യാറില്‍ സ്വാഭാവികമായി രൂപപ്പെട്ട പാറക്കെട്ടില്‍ പാര്‍ക്കും നെയ്യാറിനു കുറുകേ തൂക്കുപാലവുമുള്ള പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ 2.66 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നെയ്യാറ്റിന്‍കര നഗരസഭയിലെ ഇളവനിക്കര വാര്‍ഡിലാണ് നെയ്യാറിലെ ഈരാറ്റിന്‍പുറം. നെയ്യാറിനു നടുവിലായി പാറക്കെട്ടുകൊണ്ടു രൂപപ്പെട്ട ചെറുദ്വീപാണിത്. ഇവിടെ വിനോദസഞ്ചാര പദ്ധതി നടപ്പാക്കാന്‍ നഗരസഭ പലപ്പോഴായി പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പിലായില്ല. ഇപ്പോള്‍ കെ.ആന്‍സലന്‍ എം.എല്‍.എ.യുടെ ശ്രമഫലമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ 2.66 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി നഗരസഭ 55 സെന്റ് സ്ഥലം വാങ്ങി നല്കി. പാറക്കെട്ടുള്ള ചെറു ദ്വീപില്‍ റോക്ക് പാര്‍ക്ക് നിര്‍മിക്കും. റോക്ക് പാര്‍ക്കിലേക്കു പോകുന്നതിന് നെയ്യാറിനു കുറുകേ തൂക്കുപാലവും നിര്‍മിക്കും.

ഈരാറ്റിന്‍പുറത്ത് പാര്‍ക്കിങ് യാര്‍ഡ്, ടിക്കറ്റ് കൗണ്ടര്‍, ഓഫീസ്, നടപ്പാത, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയും നിര്‍മിക്കും. കെട്ടിടങ്ങളുടെ ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജലസേചനവകുപ്പിനാണ് നിര്‍മാണച്ചുമതല.
മൂന്നേക്കര്‍ സ്ഥലത്തായി വികസിക്കുന്ന വിനോദസഞ്ചാര പദ്ധതി
നെയ്യാറിലെ സ്വാഭാവിക ചെറുദ്വീപ് ഉള്‍പ്പെടെ മൂന്നേക്കറോളം സ്ഥലത്തു വ്യാപിക്കുന്നതാണ് ഈരാറ്റിന്‍പുറം ടൂറിസം പദ്ധതി. നെയ്യാറിലെ ജലനിരപ്പു താഴുമ്പോള്‍ ഈരാറ്റിന്‍പുറത്തെ പാറക്കെട്ടില്‍ സഞ്ചാരികളുടെ തിരക്കുണ്ടാകാറുണ്ട്. റോക്ക് പാര്‍ക്കില്‍ സിമന്റ് കസേരകളും നിര്‍മിക്കും. പാര്‍ക്കില്‍ ലാന്റ് സ്കേപ്പിങ്ങും കുടിലുകളും നിര്‍മിക്കും. ഇതിനൊപ്പം ഭക്ഷണകേന്ദ്രവും നിര്‍മിക്കും.
ബോട്ടിങ്ങിനും സൗകര്യം
ഈരാറ്റിന്‍പുറത്ത് ബോട്ടിങ്ങിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. തൂക്കുപാലം, ബോട്ടിങ് എന്നിവയെല്ലാം രണ്ടാം ഘട്ടത്തിലാണ് നിര്‍മിക്കുക. ആദ്യഘട്ടത്തില്‍ നെയ്യാറിന്റെ തീരസംരക്ഷണത്തിന്റെ ഭാഗമായി പാര്‍ശ്വഭിത്തി നിര്‍മിക്കല്‍ പുരോഗമിക്കുകയാണ്.

ഈരാറ്റിന്‍പുറം വിനോദസഞ്ചാര പദ്ധതിയുടെ ആദ്യഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാകും. നവംബറില്‍ പാര്‍ക്കിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാനാകും.
-ബിന്ദുമണി, സെക്രട്ടറി, ഡി.ടി.പി.സി.
ഈരാറ്റിന്‍പുറം ശ്രദ്ധാകേന്ദ്രമാകും
ഈരാറ്റിന്‍പുറം വിനോദസഞ്ചാര പദ്ധതി നടപ്പാക്കുന്നതോടെ ഇവിടം ശ്രദ്ധാകേന്ദ്രമാകും. നഗരസഭ കൈമാറിയ സ്ഥലത്തിനു പുറമേ റവന്യൂ വകുപ്പിന്റെയും സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘകാലത്തെ നഗരസഭയുടെ ആവശ്യമാണ് ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ യാഥാര്‍ഥ്യമാകുന്നത്.
- കെ.ആന്‍സലന്‍, എം.എല്‍.എ.
നാടിന്റെ വികസനം സാധ്യമാകും
ഈരാറ്റിന്‍പുറം വിനോദസഞ്ചാര പദ്ധതി നടപ്പാക്കുമ്പോള്‍ നാടിന്റെ വികസനം സാധ്യമാകും. എന്നാല്‍, നിര്മാണപ്രവൃത്തികള്ക്കുള്പ്പെടെ കൂടുതല്‍ ഫണ്ട് സര്‍ക്കാര്‍ ലഭ്യമാക്കണം.
- വിശ്വംഭരന്, ഈരാറ്റിന്‍പുറം ഇളവനിക്കര സ്വദേശി
കച്ചവടസ്ഥാപനങ്ങള്‍ക്കു ഗുണകരം
ഈരാറ്റിന്‍പുറത്ത് വിനോദസഞ്ചാര കേന്ദ്രം വരുന്നത് ഇളവനിക്കര, മാമ്പഴക്കര പ്രദേശത്തെ കച്ചവടസ്ഥാപനങ്ങള്‍ക്കു ഗുണകരമാകും. സഞ്ചാരികള്‍ കൂടുതലായെത്തുന്നതോടെ കച്ചവടവും വര്‍ധിക്കും.
- പ്രശാന്ത്, മാമ്പഴക്കരയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..