നാഗര്‍കോവില്‍: അതിര്‍ത്തിക്ക് സമീപത്തുള്ള ശിവലോകം വിനോദസഞ്ചാര മേഖലയുടെ മുഖച്ഛായ മാറ്റാനുള്ള പദ്ധതികളുമായി കന്യാകുമാരി ജില്ലാ ഭരണകൂടം. തമിഴ്‌നാട് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചന്ദ്രമോഹന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്.

രണ്ടുദിവസം മുമ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജില്ലയിലെ ടൂറിസം മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലാ കളക്ടര്‍ അരവിന്ദിന്റെ നേതൃത്വത്തില്‍ ഉന്നത അധികൃതരുടെ യോഗം ബുധനാഴ്ച നടന്നു. ശിവലോകം അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ടൂറിസം വകുപ്പ് സ്വകാര്യസ്ഥാപങ്ങളുടെ സഹകരണത്തോടെ ടൂറിസം ബംഗ്ലാവുകളും റിസോര്‍ട്ടുകളും നിര്‍മിക്കാനും ബോട്ട് സര്‍വീസ്, വാട്ടര്‍ തീം പാര്‍ക്ക് എന്നിവ സ്ഥാപിക്കാനും പദ്ധതി തയ്യാറാക്കി.

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും ചിറ്റാര്‍ (ശിവലോകം) അണക്കെട്ടും പരിസരപ്രദേശങ്ങളും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ശിവലോകം സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാകും. മാത്തൂര്‍ തൊട്ടിപ്പാലം നവീകരണം, തൃപ്പരപ്പ്, മുട്ടം, കന്യാകുമാരി ടൂറിസം മേഖലകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ എന്നിവയ്ക്കും പദ്ധതിയുണ്ട്.

Content Highlights: New tourism projects in Sivalokam near Kanya kumari, travel news