Photo: twitter.com/RailMinIndia
പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയപാലത്തിന്റെ നിര്‍മാണം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാവുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. അപകട മുന്നറിയിപ്പിനെത്തുടര്‍ന്ന് പഴയ പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം ഡിസംബര്‍ 23 മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
പുതിയപാലത്തിന്റെ 84 ശതമാനം പണിയും പൂര്‍ത്തിയായതായി ദക്ഷിണറെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. കടലിടുക്കില്‍ പാലത്തിനുവേണ്ട തൂണുകളെല്ലാം സ്ഥാപിച്ചുകഴിഞ്ഞു. ഇവയ്ക്കു മുകളില്‍ 99 സ്പാനുകളും ഒരു നാവിഗേഷണല്‍ സ്പാനുമാണുണ്ടാവുക. 72.5 മീറ്റര്‍ നീളമുള്ള നാവിഗേഷണല്‍ സ്പാന്‍ കപ്പല്‍വരുമ്പോള്‍ കുത്തനെഉയരും. കപ്പലുകള്‍ക്ക് വഴിയൊരുക്കാന്‍ പാലത്തിന്റെ ഒരുഭാഗം ലംബമായി ഉയരുന്നതുകൊണ്ട് ഇതിനെ 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്' പാലം എന്നാണുവിളിക്കുന്നത്.
ഇന്ത്യയില്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സംവിധാനത്തില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍പ്പാലമാണിത്. പാലത്തില്‍ തത്കാലം ഒരു പാതയാണ് സ്ഥാപിക്കുകയെങ്കിലും ഇരട്ടപ്പാതയ്ക്കുള്ള വീതി ഇതിനുണ്ട്. വൈദ്യുതീകരണത്തിനുള്ള സാധ്യതയും മുന്നില്‍ കണ്ടുകൊണ്ടാണ് പാലം നിര്‍മിക്കുന്നത്. പഴയ പാലത്തേക്കാള്‍ മൂന്നുമീറ്റര്‍ ഉയരം കൂടുതലുണ്ടാവും പുതിയപാലത്തിന്. നാവിഗേഷണല്‍ സ്പാന്‍ 17 മീറ്റര്‍ ഉയരും.
പാമ്പനിലെ 108 വര്‍ഷം പഴക്കമുള്ള പഴയ പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം ജനുവരി 10 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമാവുകയും പാലത്തില്‍ മദ്രാസ് ഐ.ഐ.ടി.യിലെ വിദഗ്ധര്‍ സ്ഥാപിച്ച ഉപകരണത്തില്‍നിന്ന് അപകടസൂചന ലഭിക്കുകയും ചെയ്തതോടെയാണ് ഗതാഗതം നിര്‍ത്തിവെച്ചത്. കാറ്റിന്റെവേഗം മണിക്കൂറില്‍ 58 കിലോമീറ്ററില്‍ കൂടുകയും പാലത്തിന്റെ കമ്പനം നിര്ദിഷ്ടനിരക്കിലും വര്‍ധിക്കുകയും ചെയ്യുമ്പോഴാണ് ഉപകരണം അപായസൂചന നല്‍കുന്നത്. രാമേശ്വരത്തേക്കുള്ള ചിലവണ്ടികള്‍ മണ്ഡപം സ്റ്റേഷനിലും ചിലത് രാമനാഥപുരത്തും സര്‍വീസ് അവസാനിപ്പിച്ച് അവിടെനിന്ന് തിരിച്ചുപുറപ്പെടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ശ്രീലങ്കയിലേക്ക് ചരക്കുകൊണ്ടുപോകുന്നതിന് അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരാണ് 1914ല്‍ ഈ ഉരുക്കുപാലം പണിതത്. 1988ല്‍ റോഡ് പാലംവരുന്നതുവരെ ഇതായിരുന്നു രാമേശ്വരത്തുള്ളവര്‍ക്ക് വന്‍കരയുമായി ബന്ധപ്പെടാനുള്ള വഴി. 2.065 കിലോമീറ്റര്‍ നളമുള്ള പഴയപാലത്തില്‍ കാലപ്പഴക്കം കാരണം അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് ഇതിനുസമാന്തരമായി പുതിയപാലം നിര്‍മിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. പുതിയപാലത്തിന് 2019 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്. 540 കോടി രൂപയാണ് നിര്‍മാണച്ചെലവ്.
Content Highlights: New Pamban bridge, India's first vertical lift sea bridge, is 84% complete.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..