കല്പറ്റ: തിരുനെല്ലി കാരമാട് കോളനിയിലെ മധുവിന് ഇനി കാടിനെ പകര്‍ത്താന്‍ പുത്തന്‍ ക്യാമറ സ്വന്തമാവും. മധുവിന്റെ ഫോട്ടോഗ്രാഫി മികവ് തിരിച്ചറിഞ്ഞ മാതൃഭൂമി വായനക്കാരുടെ സ്‌നേഹസമ്മാനമായി പുതിയ ക്യാമറ 25-ന് പത്ത് മണിക്ക് ഹോട്ടല്‍ ബ്രഹ്മഗിരിയില്‍ നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ. കൈമാറും. മാതൃഭൂമി ഡോട്ട് കോമിലൂടെ മധുവിനെക്കുറിച്ചറിഞ്ഞ ദുബായ് ഗ്രാന്‍ഡ് സ്റ്റോര്‍സിന്റെ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സ് മേധാവി ഗോപാല്‍ സുധാകരനാണ് പുതിയ ക്യാമറ സമ്മാനിക്കുന്നത്.

നിക്കോണിന്റെ ഡി 5600 ക്യാമറയും നികോര്‍ 70-300 എം.എം. എ.എഫ്.പി.വി.ആര്‍. ലെന്‍സുമാണ് ദുബായിയില്‍നിന്നും മധുവിനെ തേടിയെത്തുന്നത്. നിക്കോണ്‍ ക്യാമറകളുടെ മിഡില്‍ ഈസ്റ്റിലെ അംഗീകൃത വിതരണക്കാരാണ് ദുബായ് ആസ്ഥാനമായുള്ള ഗ്രാന്‍ഡ് സ്റ്റോര്‍. ദുബായ് മീഡിയ സിറ്റിയിലെ മാതൃഭൂമി ഓഫീസിലെത്തിയ ഗോപാല്‍ സുധാകരന്‍ ക്യാമറാക്കിറ്റ് മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാറിനെ ഏല്പിച്ചിരുന്നു. കാട്ടില്‍ ജോലിക്ക് പോകുമ്പോഴായിരുന്നു മധു ചിത്രങ്ങളെടുത്തിരുന്നത്.

നല്ല ക്യാമറ കിട്ടിയാല്‍ നല്ല ചിത്രങ്ങളെടുക്കാമെന്ന മോഹം മധു നേരത്തെ മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെച്ചിരുന്നു. തൃശ്ശൂര്‍ നാട്ടിക സ്വദേശി അബ്ദുള്‍ ജിഷാദ് തന്റെ കൈവശമുള്ള നിക്കോണ്‍ ക്യാമറ നേരത്തെ മധുവിന് സമ്മാനിച്ചിരുന്നു. ഈ വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗ്രാന്‍ഡ് സ്റ്റോര്‍സ് അധികൃതര്‍ മധുവിന് പുതിയ ക്യാമറ കൈമാറാന്‍ തീരുമാനിച്ചത്.

Content Highlights: Madhu Karamat, Wildlife Photographer Thirunelli, Nicon D 5600, Mathrubhumi.com Impact