ഊട്ടി: ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിക്ക് കര്‍ണാടക സര്‍ക്കാരിന്റെ സമ്മാനമാണ് കര്‍ണാടക സിരിഗാര്‍ഡന്‍. 38 ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന ഈ ഉദ്യാനം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സങ്കേതമായി മാറുകയാണ്.

ഊട്ടി തടാകത്തിന് അരക്കിലോമീറ്റര്‍ അരികിലാണ് കര്‍ണാടക സിരിഗാര്‍ഡന്‍. മൈസൂര്‍ രാജകുടുംബത്തിന് ഇവിടെയുണ്ടായിരുന്ന സ്ഥലം കര്‍ണാടക സര്‍ക്കാരിന്റേതായി മാറുകയായിരുന്നു. സ്ഥലം പിന്നീട് കാടുപിടിച്ച് കിടന്നതോടെയാണ് ഉദ്യാനമെന്ന ആശയം വന്നത്. 2018-ലാണ് പാര്‍ക്ക് തുറന്നത്. ഇപ്പോള്‍ ഉദ്യാനത്തില്‍ 325അടി നീളത്തില്‍ കിഴക്ക്-പടിഞ്ഞാറ് മലകളുടെ താഴ് വരകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കയാണ്.

മൂന്നരക്കോടിരൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഈ കാല്‍നടപ്പാലം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുമെന്ന കണക്കുകൂട്ടലിലാണ് കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ്. ജൂലായ് മാസം അവസാനത്തോടെ പാലം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാനാകുമെന്ന് ഉദ്യാനം എ.ഡി. എ. കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇപ്പോള്‍ ദിവസം ശരാശരി നാലായിരത്തോളം സഞ്ചാരികള്‍ ഉദ്യാനം സന്ദര്‍ശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഗ്രീഷ്‌മോത്സവത്തോടെ രണ്ടുമാസത്തെ വിനോദസഞ്ചാര സീസനാണ് ഇപ്പോള്‍ സമാപനമാകുന്നത്. സെപ്റ്റംബര്‍ പാതിയോടെ തുടങ്ങുന്ന രണ്ടാം സീസണില്‍ പ്രധാന ആകര്‍ഷകമാവും ഈ തൂക്കുപാലം. മൂന്ന് മാസത്തോളമാണ് രണ്ടാം സീസണ്‍.

മുതിര്‍ന്നവര്‍ക്ക് മുപ്പത് രൂപയും കുട്ടികള്‍ക്ക് പതിനഞ്ചുരൂപയുമാണ് കര്‍ണാടക സിരിഗാര്‍ഡനിലേക്ക് പ്രവേശന നിരക്ക്. സിനിമാ ചിത്രീകരണത്തിന് ഒരു ദിവസത്തേക്ക് 50,000 രൂപയാണ് ഈടാക്കുന്നത്.

Content Highlights: Hanging Bridge in Ootty, Karnataka Siri Horticulture Garden, Ootty Tourism