ന്യൂഡല്‍ഹി: കോവിഡ് ഭീഷണിയില്‍നിന്ന് ഡല്‍ഹി മുക്തമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ നഗരക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ആളുകള്‍ പുറത്തിറങ്ങിത്തുടങ്ങി. മധ്യഡല്‍ഹിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇന്ത്യാഗേറ്റിന് സമീപത്തെ രാജ്പഥ് ഉദ്യാനത്തില്‍ ഇപ്പോള്‍ ആളുകളുടെ തിരക്ക് ആരംഭിച്ചു. അവധിദിവസമായ ഞായറാഴ്ച ഒട്ടേറെപ്പേരാണ് എത്തിയത്.

നഗരത്തില്‍ സൈക്കിള്‍ യാത്രികരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യാഗേറ്റിലും സമീപപ്രദേശങ്ങളിലും കറങ്ങാന്‍ സൈക്കിളുകളിലാണ് കൂടുതല്‍പ്പേരും വരുന്നത്. സ്ത്രീകളും കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. ഞായറാഴ്ച സൈക്കിള്‍ യാത്രികരുടെ ആധിക്യം കാരണം വിജയ് ചൗക്കില്‍ ഡല്‍ഹി പോലീസ് ഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

അണ്‍ലോക്കിന്റെ (തുറന്നുകൊടുക്കല്‍) ഭാഗമായി ഡല്‍ഹിയിലെ ചരിത്രസ്മാരകങ്ങള്‍ വീണ്ടും തുറന്നിട്ടുണ്ട്. ആദ്യദിവസങ്ങളില്‍ സന്ദര്‍ശകര്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ അവരുടെ എണ്ണം വര്‍ധിച്ചുതുടങ്ങി. കുത്തബ്മിനാര്‍, ചെങ്കോട്ട, ഹുമയൂണ്‍ കുടീരം തുടങ്ങിയ ചരിത്രസ്മാരകങ്ങളില്‍ സന്ദര്‍ശകര്‍ എത്തുന്നുണ്ട്. ഓഗസ്റ്റ് ഒന്നുമുതല്‍ രണ്ടാഴ്ചത്തേക്ക് ചെങ്കോട്ടയിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകില്ല. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് നടക്കുന്നതിന്റെ ഭാഗമായാണിത്. ഓഗസ്റ്റ് 15-നുശേഷം വീണ്ടും പ്രവേശനം അനുവദിക്കും.

Content Highlights: New Delhi Covid 19, Rajpath Garden, Red Fort, Humayun Tomb, Travel News