മേട്ടുപ്പാളയം: ഊട്ടി പൈതൃക തീവണ്ടിക്ക് പുതിയ കോച്ചുകളെത്തി. ചെന്നൈ ഐ.സി.എഫില്‍നിന്നുമെത്തിച്ച ആധുനികരീതിയില്‍ പണികഴിപ്പിച്ച ഏഴ് കോച്ചുകളാണ് മേട്ടുപ്പാളയത്തെത്തിച്ചത്. നീലഗിരിയുടെ പൈതൃകം വിളിച്ചോതുന്ന നീലവര്‍ണമണിഞ്ഞ പെട്ടികളുടെ ഇരുവശവും പ്രകൃതിയെ കണ്‍നിറയെ കാണാന്‍ വലിയ കണ്ണാടികളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഊട്ടിക്കും കൂനൂരിനുമിടയില്‍ ഉപയോഗിക്കാനായി മാത്രമാണ് ഇപ്പോള്‍ കോച്ചുകള്‍ എത്തിയതെങ്കിലും സമീപഭാവിയില്‍തന്നെ മേട്ടുപ്പാളയം ഊട്ടി പൈതൃകസര്‍വീസും പുതിയ കോച്ച് ഘടിപ്പിച്ചായിരിക്കും ഓടുക. മാസങ്ങള്‍ക്കുമുമ്പ് എട്ട് കോച്ചുകളെത്തിയത് ഊട്ടിമലനിരകളില്‍ മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇനിയും 13 കോച്ചുകള്‍ ഐ.സി.എഫില്‍നിന്ന് വരാനുണ്ടെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

പഴയ ഇടുങ്ങിയ കോച്ചുകളെക്കാള്‍ സീറ്റുകള്‍ക്കിടയില്‍ വേണ്ടത്ര സ്ഥലവും പാര്‍സല്‍ വെക്കാനുള്ള സ്ഥലവും ഇതിലുണ്ട്. എന്‍ജിന്‍ ഡ്രൈവര്‍ക്കും ടി.ടി.ഇ.മാര്‍ക്കും യാത്രക്കാരോട് ആശയവിനിമയത്തിനും പാട്ടുകള്‍ കേള്‍ക്കാനുമായി സ്പീക്കറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഇരിപ്പിടത്തിനരികെ സെല്‍ഫോണ്‍ ചാര്‍ജറുകളുമുണ്ട്.

ചെന്നൈയില്‍നിന്ന് പ്രത്യേക പി.ആര്‍.എന്‍. വാഗണിലാണ് കോച്ചുകള്‍ മേട്ടുപ്പാളയം സ്റ്റേഷനിലെത്തിച്ചത്. കോയമ്പത്തൂര്‍ റെയില്‍വേ കോച്ച് ഡിപ്പോ എന്‍ജിനിയര്‍ അന്ശുല്‍ കുസ്‌കര്‍, സെക്ഷന്‍ എന്‍ജിനിയര്‍മാരായ സതീഷ്‌കുമാര്‍, മുഹമ്മദ് അഷറഫ്, ഇര്‍ഷാദ് അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം ജീവനക്കാരാണ് കോച്ചുകള്‍ മീറ്റര്‍ഗേജ് പാതയിലേക്ക് ഇറക്കിവെക്കാന്‍ സഹായിച്ചത്.

ഇതിനിടെ, റെയില്‍വേസ്റ്റേഷനില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കോയമ്പത്തൂര്‍ സ്‌ഫോടനദിവസം അടുത്തതോടെയാണ് ആര്‍.പി.എഫ്., പോലീസ് സംഘം സംയുക്തമായി സുരക്ഷാപരിശോധന ശക്തമാക്കിയത്. മേട്ടുപ്പാളയം റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ്. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദിന്റെ നേതൃത്വത്തില്‍ ആര്‍.പി.എഫ്. ഡോഗ് സ്‌ക്വാഡിലെ റക്‌സിയെ ഉപയോഗിച്ച് പരിശോധന നടത്തി.

Content Highlights: New Train Coaches, Ootty Heritage Train, Ootty Travel