നെല്ലിയാമ്പതി: ഇടവേളയ്ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഓണാവധികൂടിയായതോടെ നെല്ലിയാമ്പതിയിലേക്ക് ഞായറാഴ്ച മാത്രം പോത്തുണ്ടി ചെക്ക് പോസ്റ്റ് വഴി ഇരുചക്രവാഹനങ്ങളും, കാറുകളുമായി 2682 വാഹനങ്ങളാണ് കടന്നുപോയത്. പതിനായിരത്തിലധികം പേര്‍ നെല്ലിയാമ്പതിയെത്തിയതോടെ എല്ലാ വ്യൂപോയിന്റുകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. 

baiju nenmara

റിസോര്‍ട്ടുകളും, ഹോം സ്‌റ്റേകളും ഉള്‍പ്പെടെയുള്ള താമസ സൗകര്യങ്ങളും ഒഴില്ലാത്ത സ്ഥിതിയാണ്. ഓഗസ്റ്റ് 16 മുതലാണ് നെല്ലിയാമ്പതിയിലേക്ക് ഏകദിന യാത്രയ്ക്ക് അനുമതി നല്‍കിയത്. ഇതോടെ ദിവസവും നൂറ് കണക്കിന് പേരാണ് നെല്ലിയാമ്പതി കാണാനെത്തുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകില്‍ നിന്നുള്ളവരാണ് ഞായറാഴ്ച നെല്ലിയാമ്പതിയിലെത്തിയവരില്‍ കൂടുതലും. 

കഴിഞ്ഞ ഒരാഴ്ച്ചയായി നെല്ലിയാമ്പതി മേഖലയില്‍ മഴ തുടരുകയാണ്. ഇതോടെ പോത്തുണ്ടി-കൈകാട്ടി ചുരം പാതയിലെ നിരവധി വെള്ളച്ചാട്ടങ്ങള്‍ സജീവമായിട്ടുണ്ട്. കോട മഞ്ഞും, നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ഫാമിലെ ഓറഞ്ച് തോട്ടവും, കേശവന്‍പാറ, സീതാര്‍കുണ്ട്, കാരപ്പാറ ഭാഗത്തുള്ള മലമുഴക്കി വേഴാമ്പലുകളുടെ കൂട്ടത്തോടെയുള്ള കാഴ്ച്ചയുമാണ് സഞ്ചാരികളെ നെല്ലിയാമ്പതിയിലേക്ക് കൂടുതലും ആകര്‍ഷിക്കുന്നത്. സഞ്ചാരികളുടെ വാഹനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ ഇടുങ്ങിയ വഴികളില്‍ വാഹനങ്ങള്‍ കുടുങ്ങുകയും ചെയ്തു. സഞ്ചാരികളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പോത്തുണ്ടി ചെക്ക് പോസ്റ്റില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു. 

baiju nenmara

കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒരു ഡോസ് എടുത്തവരും, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവായവര്‍ക്കുമാണ് നെല്ലിയാമ്പതിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. രാവിലെ 7.30 മുതല്‍ വൈകീട്ട് മൂന്നു മണിവരെ മാത്രമാണ് പോത്തുണ്ടി ചെക്ക് പോസ്റ്റില്‍ നിന്ന് സഞ്ചാരികളെ നെല്ലിയാമ്പതിയിലേക്ക് കടത്തിവിടുന്നത്.

Content Highlights: Nelliyampathi travel in onam vacation, travel news, covid 19