ലഡാക്ക്: ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ലഡാക്കിലേക്ക് ലോക്ക്ഡൗണിനുശേഷം പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ലഡാക്ക് സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

രണ്ട് ടെസ്റ്റുകള്‍ നടത്തിയവര്‍ക്ക് മാത്രമേ ലഡാക്കിലേക്ക് പ്രവേശനം അനുവദിക്കൂ. ലഡാക്കിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ ആദ്യം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണം. അതില്‍ നെഗറ്റീവായവര്‍ക്ക് ലഡാക്കിലേക്ക് പ്രവേശിക്കാം. പക്ഷേ പ്രവേശിക്കുന്ന സമയത്ത് ലഡാക്ക് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ആന്റിജന്‍ ടെസ്റ്റ് കൂടി നടത്തണം. ഈ ടെസ്റ്റിലും നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

റോഡുമാര്‍ഗവും വിമാനമാര്‍ഗവും ലഡാക്കിലെത്തുന്നവര്‍ നിര്‍ബന്ധമായും ഈ രണ്ട് ടെസ്റ്റുകളും നടത്തിയിരിക്കണം. ലഡാക്കിലെത്തിയ ഉടന്‍ സഞ്ചാരികളെ ഒരു ക്വാറന്റീന്‍ സെന്ററിലേക്ക് പറഞ്ഞയയ്ക്കും. അതിനുമുന്‍പായി 96 മണിക്കൂര്‍ മുമ്പെങ്കിലും എടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് റിസല്‍ട്ട് അധികൃതരെ കാണിക്കണം. ക്വാറന്റീന്‍ സെന്ററില്‍ നിന്നും നടത്തുന്ന ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് ലഡാക്കിലേക്ക് പ്രവേശിക്കാം. ദൗര്‍ഭാഗ്യവശാല്‍ കോവിഡ് പോസിറ്റീവായാല്‍ ക്വാറന്റീന്‍ സെന്ററില്‍ 17 ദിവസം ഐസൊലേഷനില്‍ കഴിയണം.

2020-ല്‍ അടച്ചിരുന്ന ലഡാക്ക് 2021 ജനുവരി മുതല്‍ സഞ്ചാരികള്‍ക്ക് വേണ്ടി തുറന്നുകൊടുത്തിരുന്നു. നിലവില്‍ 17407 പേര്‍ക്കാണ് ലഡാക്കില്‍ കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ 178 പേര്‍ മരണമടഞ്ഞു.

Content Highlights: Negative RT-PCR report mandatory in Ladakh rapid antigen test upon arrival