മേട്ടുപ്പാളയം: കുളിരണിഞ്ഞ മലനിരകളില്‍ എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളുമായി നീലഗിരി മൗണ്ടെന്‍ റെയില്‍വേ. നീലഗിരി പൈതൃക റെയില്‍വേയുടെ 130 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കോച്ചില്‍ എസി ഘടിപ്പിക്കുന്നത്.
റെയില്‍വേയുടെ തന്നെ തിരുച്ചിറപ്പള്ളി ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്‌ഷോപ്പിലാണ് പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. തീവണ്ടി എഞ്ചിനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സൗകര്യമുള്ള ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്‌ഷോപ്പില്‍ പൈതൃകതീവണ്ടി കോച്ചുകളുടെ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നിലവില്‍ ചെയ്തുവരുന്നത്. ഇവിടെ ഇതാദ്യമായാണ് കോച്ചുകളുടെ പുനര്‍നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നത്.
57 സീറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 28 സീറ്റുകള്‍ മാത്രമാണ് ഈ കോച്ചില്‍ ഉണ്ടാവുക. സൗകര്യപ്രദമായ പുഷ്ബാക്ക് സീറ്റുകള്‍, ലഗേജ് റാക്ക്, 2 സ്പ്ലിറ്റ് എ.സികള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. വശങ്ങളിലെ ജനലകള്‍ക്ക് വലുപ്പം കൂട്ടി തുറക്കാനും അടക്കാനും പറ്റുന്ന വിധത്തിലാണ് ഉള്ളത്. പുറത്ത് ബോഗിയുടെ ഇരുവശങ്ങളിലും കാടുകളും മുന്നില്‍ ആനയും കടുവയുടെയും ചിത്രങ്ങള്‍ ഗ്രാഫിക്‌സ് ഡിസൈനിലൂടെ പതിപ്പിച്ചിട്ടുണ്ട്. കോച്ചിനകത്ത് മുകള്‍ഭാഗം മുഴുവനും പ്രകൃതിയുടെ അഴക് കണ്ണുകളില്‍ ഒപ്പിയെടുക്കാന്‍ അക്രലിക് ഗ്ലാസ്സുകളാണ് ഒട്ടിയിരിക്കുന്നത്.
ഊട്ടിയിലേക്ക് എയര്‍ കണ്ടീഷന്‍ കോച്ചുകള്‍ വേണോ ?
ശുദ്ധമായ വായുവും കുളിരും ഒന്നുചേര്‍ന്ന നീലഗിരി മലനിരകളില്‍ കൂടിയുള്ള മണികൂറുകള്‍ നീളുന്ന യാത്രയാണ് ഓരോ വിനോദസഞ്ചാരിയും കൊതിക്കുന്നത്. മേട്ടുപ്പാളയം സ്റ്റേഷനില്‍നിന്ന് യാത്ര തുടങ്ങിയാല്‍ എട്ട് കിലോ മീറ്റര്‍ അകലെയുള്ള കല്ലാര്‍ സ്റ്റേഷനെത്തിയാല്‍ തന്നെ കാനനയാത്ര തുടങ്ങാം. തീവണ്ടി കൂകിപ്പായുന്ന ശബ്ദമല്ലാതെ മലീനികരണമില്ലാത്ത വായുവും, മേലോട്ട് കയറുംതോറും ശരീരത്തില്‍ ഉറഞ്ഞു കയറുന്ന തണുപ്പും അനുഭവിക്കാന്‍ എ.സി കോച്ചിലെ യാത്രക്കാര്‍ക്ക് സാധിക്കില്ല.
പ്രകൃതിദൃശ്യങ്ങള്‍ കാണാമെങ്കിലും മഴയില്‍ മലയിടിച്ചിലോ മറ്റോ സംഭവിച്ചാല്‍ കോച്ചുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ അധികമാണ്. എട്ട് വര്‍ഷം മുന്‍പ് യാത്രയ്ക്കിടെ കോച്ചിന് മുകളില്‍ കല്ല് പതിച്ചതില്‍ കൊല്ലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് കൈയില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. അതേത്തുടര്‍ന്ന് അന്നത്തെ സേലം ഡി.ആര്‍.എം സുജാത ജയരാജ് ഇടപ്പെട്ട് കോച്ചിന് മുകളില്‍ മെറ്റല്‍ഷീറ്റുകള്‍ പതിക്കാന്‍ ഉത്തരവിട്ടിരുന്നു.
Content Highlights: Neelgiri Heritage Train Service, Ootty Heritage Train AC Coaches
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..