മൈസൂരു: ചാമരാജനഗറിലെ ഹാനൂരിലുള്ള ബിലിഗിരി രംഗനാഥസ്വാമിക്ഷേത്ര (ബി.ആർ.ടി.) കടുവസംരക്ഷണകേന്ദ്രത്തിൽ നീലക്കുറിഞ്ഞി പൂത്തു. അടുത്തിടെ കുടകിലെ മണ്ഡൽപെട്ടിയിലും കോട്ടബെട്ടയിലും നീലക്കുറിഞ്ഞി പൂത്തിരുന്നു.

ബി.ആർ.ടി. വനംവകുപ്പ് അധികൃതർ ട്വിറ്ററിലൂടെ നീലക്കുറിഞ്ഞിയുടെ ചിത്രം പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ബൈലുരു വനമേഖലയിലെ മലനിരകളിലാണ് പൂ വിരിഞ്ഞത്. കടുവസംരക്ഷണകേന്ദ്രമായതിനാൽ പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. 

കടുവസംരക്ഷണകേന്ദ്രത്തിൽ നീലക്കുറിഞ്ഞി വിരിഞ്ഞത് തന്റെ അറിവിൽ ആദ്യമായാണെന്ന് ബി.ആർ.ടി. റേഞ്ച് ഡെപ്യൂട്ടി കൺസർവേറ്റർ സന്തോഷ് കുമാർ പറഞ്ഞു. മുമ്പ് ഇവിടെ നീലക്കുറിഞ്ഞി വിരിഞ്ഞിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൂക്കളെ ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാണ് 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി. കുടകിൽ നീലക്കുറിഞ്ഞി വിരിഞ്ഞപ്പോൾ ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് കാണാനെത്തിയത്.

ബെംഗളൂരുവിലുള്ള സ്വകാര്യ വ്യോമയാന കമ്പനി നീലക്കുറിഞ്ഞിയുടെ ആകാശകാഴ്ചയൊരുക്കാൻ ഹെലികോപ്റ്റർ സർവീസും ഏർപ്പെടുത്തിയിരുന്നു.

Content Highlights: Neelakurinji, BRT tiger reserve, Bangalore tourism