കോവിഡ് രണ്ടാം തരംഗത്തിന് കുറവ് സംഭവിക്കുകയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ചെയ്തപ്പോള്‍ പല സ്ഥലങ്ങളിലെയും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നിരുന്നു. ഇത് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. നൈനിറ്റാള്‍, മസ്സൂറി, മണാലി തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെയുമാണ് സന്ദര്‍ശകര്‍ ഇവിടേക്കെത്തിയത്. 

സന്ദര്‍ശകരുടെ തള്ളിക്കയറ്റം കാരണം നൈനിറ്റാള്‍ ഹില്‍സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. നിലവില്‍ പ്രവേശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ നിയന്ത്രണമില്ലാതെ എത്തിയപ്പോള്‍ ഹില്‍സ്റ്റേഷന്‍ ഭാഗത്തെ ഹോട്ടലുകളും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവുമെല്ലാം നിറഞ്ഞു. 

ഉത്തരാഖണ്ഡ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പോലീസിന്റെയും കണക്കുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ പതിനായിരത്തിലധികം ടൂറിസ്റ്റുകള്‍ നൈനിറ്റാളിലേക്കും മസ്സൂറിയിലേക്കും എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ പ്രധാന നഗരങ്ങളായതുകൊണ്ട് ഓരോ വര്‍ഷവും ഇവിടങ്ങളിലേക്ക് ഇത്ര തന്നെ സന്ദര്‍ശകര്‍ എത്താറുള്ളതാണ്. എന്നാല്‍ കോവിഡ് വ്യാപനത്തോടെ ഇതിന് കുറവ് സംഭവിച്ചു. ഇപ്പോള്‍ വീണ്ടും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചപ്പോഴാണ് സാഹചര്യം മനസിലാക്കാതെയുള്ള ടൂറിസ്റ്റുകളുടെ പ്രവൃത്തി. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഇനി നൈനിറ്റാളിലേക്ക് പ്രവേശിക്കണമെങ്കില്‍ 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സ്മാര്‍ട്ട് സിറ്റി പോര്‍ട്ടലില്‍ രജിസ്റ്ററും ചെയ്യേണ്ടതുണ്ട്.

Content highlights : nainital in utaragand famous tourist destination entrance was denied because of touristis rush