കൊഹിമ: നാ​ഗാലാൻഡിൽ നടന്നുവന്നിരുന്ന ഹോൺബിൽ ഉത്സവം നിർത്തിവെച്ചു. സുരക്ഷാസേനയുടെ വെടിവെപ്പിൽ ​ഗ്രാമീണർ കൊല്ലപ്പെട്ടതിനേ തുടർന്നാണ് ഈ നടപടി. മുഖ്യമന്ത്രി നെയ്ഫു റിയോയുടെ നേതൃത്വത്തിൽ നടന്ന ക്യാബിനറ്റ് യോ​ഗത്തിലാണ് ഈ തീരുമാനമുണ്ടായത്. സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

ഈ മാസം ഒന്നുമുതൽ 10 ദിവസമാണ് ഹോൺബിൽ ഉത്സവം നടക്കേണ്ടിയിരുന്നത്. സംസ്ഥാന തലസ്ഥാനത്തിനടുത്തുള്ള കിസാമയിലെ നാഗ പൈതൃക ​ഗ്രാമത്തിൽ നടക്കുന്ന ഉത്സവം സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം മാമാങ്കമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.  ഡിസംബർ 10 ന് അവസാനിക്കേണ്ട ഉത്സവമാണ് ദാരുണസംഭവത്തേ തുടർന്ന് നിർത്തിവെച്ചത്.

ഡിസംബർ നാലിന് ഒട്ടിങ്ങ്-തിരു മേഖലയിലും ഡിസംബർ അഞ്ചിന് മോൺ ടൗണിലുമാണ് വെടിവയ്പ്പ് നടന്നത്. മോൺ ജില്ലയിലെ വെടിവയ്പ്പിൽ മരിച്ചവർക്കായി പ്രഖ്യാപിച്ച ദുഃഖാചരണം കണക്കിലെടുത്ത് ഹോൺബിൽ ഫെസ്റ്റിവൽ 2021 ന്റെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന് മന്ത്രി ക്രോനു ആവശ്യപ്പെട്ടിരുന്നു.

പ്രഖ്യാപനത്തിനുശേഷം, ഉത്സവത്തിന്റെ മുഖ്യ സംഘാടകരായ ടൂറിസം വകുപ്പ് നാഗ ഹെറിറ്റേജ് വില്ലേജിൽ ഗംഭീരമായ സമാപന ചടങ്ങും നടത്തിയിരുന്നു. തിങ്കളാഴ്ച വേദിയിൽ നടത്താനിരുന്ന പരിപാടി സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നു. കിഴക്കൻ നാഗാലാൻഡിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി ഗോത്രങ്ങൾ മോൺ ജില്ലയിൽ നടന്ന കൊലപാതകത്തിന്റെ പേരിൽ അതത് മൊറുങ്ങുകളിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു.

Content Highlights: Hornbill festival, civilian killing in Nagaland, Nagaland calls off Hornbill Festival