എടക്കര: നാടുകാണിയുടെ പച്ചപ്പും സുന്ദരമായ കാലാവസ്ഥയും കാണാനും ആസ്വദിക്കാനും ഇപ്പോഴാരും ചുരം കയറാറില്ല. കാഴ്ചകള്‍കണ്ട് മടുത്തിട്ടല്ല, ലോക്ഡൗണ്‍ ആയതിനാല്‍ ഇതു വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാഴ്ചയുടെ വസന്തം ആളുകള്‍ക്ക് നഷ്ടപ്പെടുത്തിയത്.
നിലമ്പൂര്‍മേഖലയിലെ പ്രധാന വിനോദസഞ്ചാര മേഖലയാണ് നാടുകാണിച്ചുരം. വശ്യഭംഗിയും പ്രകൃതി ഒരുക്കിയ മനോഹരകാഴ്ചകളും കാണാനാണ് പ്രധാനമായും ആളുകളിവിടെയെത്തുന്നത്. സമുദ്രനിരപ്പില്‍ നിന്നും ആയിരംമീറ്റര്‍ ഉയരമുള്ള മേഖലയാണിത്.
പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട പ്രദേശം. വിവിധയിനം കാടുകള്‍, ജീവജാലങ്ങള്‍, നീര്‍ച്ചോലകള്‍, മരങ്ങള്‍ എന്നിവ ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

ആനക്കൂട്ടങ്ങളും സിംഹവാലന്‍ കുരങ്ങും പതിവു കാഴ്ചയായിരുന്നു. അന്തഃസംസ്ഥാന പാതയായ കെ.എന്‍.ജി. റോഡില്‍ ഉള്‍പ്പെട്ടതാണ് ചുരം. തണുപ്പന്‍ചോല മുതല്‍ മുകളിലേക്ക് എല്ലാകാലവും തണുത്ത കാലാസ്ഥയാണ്. യാത്രക്കാര്‍ ഇവിടെയാണ് ഏറെയും വിശ്രമിക്കുന്നത്.
വ്യൂപോയിന്റ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദൂരസ്ഥലങ്ങളുടെ കാഴ്ചകളും ആകാശത്തിന്റെയും അസ്തമയത്തിന്റെയും ഭംഗിയും ആസ്വദിക്കാനായി നിരവധിപേരാണ് കുടുംബസമേതം എത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജാറം, തേന്‍പാറ, തകരപ്പാടി എന്നീ ഭാഗങ്ങള്‍ തകര്‍ന്നിരുന്നു. ഈ പ്രദേശങ്ങള്‍ കാണാനും ഫോട്ടോ എടുക്കാനുമായി നൂറുകണക്കിന് ആളുകളാണ് ദിവസവും എത്തിയിരുന്നത്.
റോഡിനും മൊഞ്ചേറി
നാടുകാണി - പരപ്പനങ്ങാടി പാത നവീകരണം അവസാനഘട്ടത്തിലാണ്. നിര്‍മാണംപൂര്‍ത്തിയായ റോഡിന്റെ ഭാഗങ്ങള്‍ അതിമനോഹരമാണ്. വീതികൂട്ടി നിര്‍മിച്ച റോഡിന്റെ വശങ്ങളിലുള്ള സംരക്ഷണഭിത്തികള്‍ക്ക് നിറം നല്കിയിട്ടുണ്ട്. റോഡരികില്‍ ക്രാഷ്ഗാര്‍ഡ് സ്ഥാപിച്ചും ചിലയിടങ്ങളില്‍ കട്ടപതിച്ചും റോഡ് മനോഹരമാക്കിയിട്ടുണ്ട്.
Content Highlights: Nadukani Churam, Nadukani Viewpoint, Malappuram Tourism, Travel News