മൈസൂരു: മാസങ്ങൾ നീണ്ട കോവിഡ് പ്രതിസന്ധിക്കൊടുവിൽ മൈസൂരു അടക്കമുള്ള കർണാടകത്തിലെ തെക്കൻ ജില്ലകളിലെ വിനോദസഞ്ചാരമേഖല പുത്തനുണർവിലേക്ക്. ക്രിസ്മസ് അവധിമുതൽ കേരളമുൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

കുടകിലെ ദുബാരെ ആന പരിപാലനകേന്ദ്രം, സുവർണക്ഷേത്രം, തലക്കാവേരി, രാജാസ് സീറ്റ്, നാഗർഹോളെ ദേശീയോദ്യാനം, മൈസൂരുവിലെ അംബവിലാസ് കൊട്ടാരം (മൈസൂരു കൊട്ടാരം), മൈസൂരു മൃഗശാല, ചാമുണ്ഡിമല, റെയിൽവേ മ്യൂസിയം, സെയ്ന്റ് ഫിലോമിനാസ് പള്ളി, ചാമരാജനഗറിലെ ഹിമവദ് ഗോപാലസ്വാമി ബെട്ട, ബന്ദിപ്പുർ ദേശീയോദ്യാനം, ബി.ആർ.ടി. വന്യജീവി സങ്കേതം, മാണ്ഡ്യയിലെ ബൃന്ദാവൻ ഉദ്യാനം, കെ.ആർ.എസ്. അണക്കെട്ട്, ടിപ്പു സുൽത്താൻ മ്യൂസിയം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഒട്ടേറെ സന്ദർശകരാണെത്തുന്നത്. കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സഞ്ചാരികളുടെ വരവിനെ ഇതുബാധിച്ചിട്ടില്ല.

കേരളത്തിൽനിന്നാണ് കൂടുതൽ സഞ്ചാരികളും എത്തുന്നത്. തമിഴ്‌നാട്, ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നും സഞ്ചാരികളെത്തുന്നുണ്ടെന്ന് മൈസൂരുവിലെ വിനോദസഞ്ചാര മേഖലയിലുള്ളവർ പറയുന്നു. സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയതോടെ ഹോട്ടലുകൾ, ലോഡ്ജുകൾ, റെസ്റ്റോറന്റുകൾ എന്നിവ സജീവമായി.

വാക്‌സിനേഷനുശേഷം കൂടുതൽ പേരെത്തിയേക്കും

‘‘കോവിഡ് പ്രതിസന്ധിക്കുശേഷം വിനോദസഞ്ചാര മേഖല പൂർവസ്ഥിതിയിലാവുന്നതിന്റെ സൂചനകളാണ് കാണാനാകുന്നത്. വാക്സിനേഷൻ കഴിഞ്ഞാൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.’’

- എ.ആർ. ബാബു തുരുത്തിയിൽ (മൈസൂരു ഹോട്ടൽ ഇന്റർനാഷണൽ പാർട്ട്‌ണർ)

പ്രതീക്ഷയേകുന്ന സാഹചര്യം

‘‘ക്രിസ്മസിനുശേഷം റൂം ബുക്കിങ് വർധിച്ചിട്ടുണ്ട്. കേരളത്തിൽനിന്നുതന്നെയാണ് കൂടുതൽപേരും വരുന്നത്. കുടുംബമായാണ് ഭൂരിഭാഗം പേരും എത്തുന്നത്. നിലവിലെ സാഹചര്യം കുഴപ്പമില്ല. വരും മാസങ്ങളിലും ഈ അനുകൂല സാഹചര്യം തുടരുമെന്നാണ് കരുതുന്നത്’’

- എൻ.കെ. ഗിരീഷ് (മൈസൂരു സൻമാൻ ലോഡ്ജിങ് ഉടമ)

Content Highlights: Mysore Palace, Nagarhole National Park, Talacauvery, Karnataka Tourism, Travel News