മട്ടാഞ്ചേരി: കോവിഡിനെ തുടര്‍ന്ന് അടഞ്ഞുപോയ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകി ആഡംബര കപ്പല്‍ 'എം.വി. എംപ്രസ്സ്' കൊച്ചി തീരമണഞ്ഞു. 21 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു വിനോദസഞ്ചാര കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടത്.

കൊച്ചി തുറമുഖത്ത് വിനോദസഞ്ചാര വകുപ്പും തുറമുഖ ട്രസ്റ്റും ചേര്‍ന്നൊരുക്കിയ ആഘോഷങ്ങള്‍ക്ക് നടുവിലേക്കാണ് ബുധനാഴ്ച കാലത്ത് കപ്പലില്‍നിന്ന് യാത്രക്കാര്‍ ഇറങ്ങിയത്. വേലകളി, പഞ്ചവാദ്യം, താലപ്പൊലി എന്നിവയോടെയാണ് സഞ്ചാരികളെ വരവേറ്റത്. 

പ്രമുഖ കമ്പനിയായ കോര്‍ഡേലിയ ക്രൂയിസിന്റെ കപ്പല്‍ മുംബൈയില്‍നിന്നാണ് കൊച്ചിയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1200-ഓളം ആഭ്യന്തര ടൂറിസ്റ്റുകളാണ് കപ്പലിലുണ്ടായിരുന്നത്.

തിങ്കളാഴ്ച മുംബൈയില്‍നിന്ന് യാത്ര ആരംഭിച്ച കപ്പല്‍ കൊച്ചി, ലക്ഷദ്വീപ് വഴി ഗോവയ്ക്കാണ് പോകുന്നത്. കൊച്ചിയില്‍നിന്ന് 850-ഓളം പേര്‍ പുതുതായി കപ്പലില്‍ കയറി.

'കടലില്‍ ഒഴുകുന്ന സിറ്റിയാണിത്. നല്ല അനുഭവമാണ്, എല്ലാവര്‍ക്കും ഇഷ്ടപ്പെടും' - ഉല്ലാസക്കപ്പലില്‍ കൊച്ചിയില്‍ ഇറങ്ങിയ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മുംബൈയില്‍നിന്നാണ് അദ്ദേഹം കപ്പലില്‍ കയറിയത്. കപ്പലില്‍നിന്ന് നൃത്തം ചെയ്തുകൊണ്ടാണ് അദ്ദേഹം പുറത്തിറങ്ങിയത്. ആഡംബരക്കപ്പലാണെങ്കിലും യാത്രച്ചെലവും ഭക്ഷണച്ചെലവും അത്ര വലുതല്ലെന്ന് യാത്രക്കാര്‍ പറയുന്നു.

മൂന്ന് രാത്രിയും നാല് പകലും നീളുന്ന കപ്പല്‍ യാത്രയ്ക്ക് 22,000 മുതല്‍ 30,000 രൂപ വരെയാണ് ഈടാക്കുന്നത്. ചെറിയ യാത്രയാണെങ്കില്‍ ചെലവ് കുറയും. 180-ഓളം യാത്രക്കാര്‍ കൊച്ചിയില്‍ ഇറങ്ങി. രണ്ട് വാക്സിന്‍ സ്വീകരിച്ചവരെയും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് വിധേയരായവരെയുമാണ് കപ്പലിന് പുറത്തിറക്കിയത്.ടൂറിസ്റ്റ് ബസുകള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍ എന്നിവ യാത്രക്കാരെ കാത്ത് തുറമുഖത്ത് കിടന്നിരുന്നു.

മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി, എറണാകുളം പ്രദേശങ്ങള്‍ കണ്ട് വൈകീട്ട് സഞ്ചാരികള്‍ കപ്പലില്‍ തിരിച്ചെത്തി. കപ്പല്‍ വൈകീട്ടുതന്നെ കൊച്ചി വിട്ടു. കൊച്ചിയില്‍ യാത്ര അവസാനിപ്പിച്ചവര്‍ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുമെന്ന് ടൂര്‍ ഏജന്‍സിയായ വൊയേജര്‍ കേരള പ്രതിനിധികള്‍ പറഞ്ഞു.

കൊച്ചി തുറമുഖത്ത് വിനോദസഞ്ചാര കപ്പലുകള്‍ക്കായി പുതുതായി നിര്‍മിച്ച ടെര്‍മിനലിലാണ് സഞ്ചാരികള്‍ ഇറങ്ങിയത്. ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്ത ശേഷം ആദ്യമായി വന്ന കപ്പലാണിത്. സഞ്ചാരികളെ സ്വീകരിക്കുന്നതിന് ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍, െഡപ്യൂട്ടി ഡയറക്ടര്‍ ടി.ജി. അഭിലാഷ് തുടങ്ങിയവരും കൊച്ചി തുറമുഖത്തെ ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.

Content Highlights: mv empress ship reach kochi