കൊടുങ്ങല്ലൂര്‍: കേരള ചരിത്രത്തിന്റെ രണ്ടായിരം വര്‍ഷത്തെ നേര്‍ക്കാഴ്ചയൊരുക്കുന്ന പൈതൃക പദ്ധതി പ്രദേശങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് വീണ്ടും സ്വാഗതം. ഒരിടവേളയ്ക്കുശേഷം തുറന്നു നല്‍കിയ മുസിരിസ് പൈതൃക പദ്ധതിപ്രദേശങ്ങളിലേക്ക് പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രവേശനം. കായല്‍ ഭംഗി ആസ്വദിച്ചുള്ള ആകര്‍ഷകമായ ബോട്ടുയാത്രകളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

കോട്ടപ്പുറം കായലോരവും മറ്റും ചെറിയതോതില്‍ തുറന്നുകൊടുത്തിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലവില്‍ വന്നതോടെ വീണ്ടും അടച്ചിടുകയായിരുന്നു. പദ്ധതി പ്രദേശങ്ങള്‍ തുറന്നതോടെ ഇവിടങ്ങളിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും അതത് പ്രദേശങ്ങളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കോട്ടപ്പുറം, പറവൂര്‍ ബോട്ടുജെട്ടികളില്‍നിന്ന് പ്രധാന പദ്ധതി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ടുയാത്രകള്‍ക്കുള്ള ബുക്കിങ്ങും ആരംഭിച്ചു. യാത്രക്കാരെത്തിയാല്‍ ഏത് സമയവും സര്‍വീസുകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. കോട്ടപ്പുറം കായലില്‍ വാട്ടര്‍ ടാക്സി സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്.

മുസിരിസ് പൈതൃക പദ്ധതിയുടെ മറ്റൊരു പ്രധാന കേന്ദ്രമായ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ചും ഇവിടത്തെ ചില്‍ഡ്രന്‍സ് പാര്‍ക്കും നവംബര്‍ ഒന്ന് മുതലാണ് പ്രവര്‍ത്തനമാരംഭിക്കുക. മാസങ്ങളോളം അടഞ്ഞുകിടന്നതിനെ തുടര്‍ന്നുള്ള ചെറിയ അറ്റകുറ്റപ്പണികളും മറ്റും നടന്നുവരികയാണ്. ബീച്ചിലെ വൈദ്യുതി സംവിധാനങ്ങളും ക്രമീകരിക്കുന്നുണ്ട്.

ഇവിടെ കാണാം...

കോട്ടപ്പുറം കോട്ട, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക ചരിത്ര മ്യൂസിയം, കോട്ടപ്പുറം ആക്ടിവിറ്റി സെന്റര്‍, കാവില്‍ക്കടവ് വിസിറ്റേഴ്സ് സെന്റര്‍, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ ചവിട്ടുനാടക മ്യൂസിയം, ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, പറവൂര്‍ കേസരി ബാലകൃഷ്ണപിള്ള മ്യൂസിയം, പറവൂര്‍ ജൂതപള്ളി, ചേന്ദമംഗലം സിനഗോഗ്, പാലിയം കൊട്ടാരം, പാലിയം നാലുകെട്ട് , കോട്ടപ്പുറം കായലോരം, ആംഫി തിയേറ്റര്‍

 

Content Highlights: Muziris Heritage Tourism Project, Thrissur Tourism, Water Taxi in Kerala, Travel News, Kerala Tourism