കൊടുങ്ങല്ലൂര്‍: ലോകരാജ്യങ്ങളെ ബന്ധപ്പെടുത്തുന്ന മുസിരിസ് പൈതൃക സുഗന്ധവ്യഞ്ജനപാത പൈതൃകപദ്ധതി അതിവേഗതയിലേക്ക്. ഇതിന്റെ ഭാഗമായുള്ള മുസിരിസ് പൈതൃകപദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ പുനരാരംഭിച്ചു. യുനെസ്‌കോയും കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ചേര്‍ന്ന് 10 തുറമുഖങ്ങളെ ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നവംബറോടെ പദ്ധതിയുടെ രണ്ടാംഘട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി ആവിഷ്‌കരിക്കപ്പെട്ട ചരിത്രസ്മാരകങ്ങളുടെ സംരക്ഷണവും ചരിത്ര മ്യൂസിയങ്ങളുടെ നിര്‍മ്മാണവുമാണ് വേഗത്തില്‍ പുനരാരംഭിച്ചിട്ടുള്ളത്.

ശാന്തിപുരത്ത് 4.96 കോടി രൂപ ചെലവില്‍ പ്രമുഖ ചരിത്രകാരന്‍ പി.എ. സെയ്തുമുഹമ്മദിന്റെ സ്മാരകമായി കേരളീയ വാസ്തുശില്പമാതൃകയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംനിലയുടെ കോണ്‍ക്രീറ്റിങ്ങ് വെള്ളിയാഴ്ച നടന്നു. വിദ്യാര്‍ഥികള്‍ക്കും ചരിത്രകാരന്‍മാര്‍ക്കും ഉപയോഗിക്കാവുന്ന ചരിത്രഗ്രന്ഥങ്ങളടങ്ങിയ ഡിജിറ്റല്‍ ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ആക്ടിവിറ്റി സെന്റര്‍, പ്രായമായവര്‍ക്ക് വിശ്രമിക്കാനുള്ള സംവിധാനം എന്നിവയോടുകൂടിയാണ് സ്മാരകം നിലവില്‍ വരുന്നത്.

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാന്‍ ജുമാമസ്ജിദിന്റെ 1974-നു ശേഷമുള്ള കോണ്‍ക്രീറ്റ് കൂട്ടിച്ചേര്‍ക്കലുകള്‍ പൊളിച്ചുമാറ്റി ആദ്യകാല പള്ളി അതേപടി നിലനിര്‍ത്തുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിവേഗതയിലാണ് ആരംഭിച്ചിട്ടുള്ളത്. 1.13 കോടി രൂപ ചെലവിലാണ് ഇതിന്റെ നിര്‍മ്മാണം. 45 ലക്ഷം രൂപ ചെലവു വരുന്ന മാള ടൗണിലെ സിനഗോഗിന്റെ അറ്റകുറ്റപ്പണികള്‍, 2.25 കോടി രൂപ ചെലവഴിച്ച് ചേന്ദമംഗലം പള്ളി എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചു.

കോട്ടപ്പുറം ആംഫി തിയേറ്റര്‍ പരിസരത്തായി നഗരസഭ നല്‍കിയ 30 സെന്റ് സ്ഥലത്ത് 58 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കും, മൂന്നു കോടി രൂപ ചെലവു ചെയ്ത് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കച്ചേരിപ്പുരയോടു ചേര്‍ന്നുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്രമ്യൂസിയം, തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് കനോലി കനാലിന്റെ തീരത്തുള്ള കനാല്‍ ഓഫീസിന്റെ പുനര്‍നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. കനാല്‍ ഓഫീസിനോടനുബന്ധിച്ചുള്ള ബോട്ടുജെട്ടിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

മതിലകം ബംഗ്ലാവ് കടവ് മ്യൂസിയത്തിന്റ നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്.

ഇതിനു പുറമേ മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ വരുന്ന ആലപ്പുഴ പൈതൃക പദ്ധതിയുടെ അഞ്ച് മ്യൂസിയങ്ങളുടെ നിര്‍മ്മാണവും തുടങ്ങി. മൂന്ന് കയര്‍ മ്യൂസിയങ്ങളും ഒരു ഗാന്ധി മ്യൂസിയവും ഒരു പോര്‍ട്ട് മ്യൂസിയവുമാണ് ഇതോടൊപ്പം നിലവില്‍വരുന്നത്.

Content Highlights: Muziris Heritage Tourism Project, Muziris Heritage Spices Route, Kerala Tourism, Travel News