പറവൂര്‍: എറണാകുളം, തൃശ്ശൂര്‍ ജില്ലകളെ വേര്‍തിരിക്കുന്ന കൊടുങ്ങല്ലൂര്‍ കായലിന്റെ തെക്കേ കരയിലുള്ള മൂത്തകുന്നം ഫെറിക്കടവ് മുസിരിസ് പൈതൃക പദ്ധതി ഇപ്പോഴും മുസിരിസ് പൈതൃക പദ്ധതിക്ക് പുറത്ത്. കടത്തുകളും വള്ളങ്ങളും വഞ്ചികളും ബോട്ടുകളും യാത്രയ്ക്കുള്ള പ്രധാന മാര്‍ഗമായിരുന്ന കാലത്ത് മധ്യകേരളത്തിലെ ഏറ്റവും പ്രധാന കടത്തിലൊന്ന് മൂത്തകുന്നം ഫെറിയായിരുന്നു.

1986 ഏപ്രിലില്‍ കോട്ടപ്പുറത്തെ ബന്ധപ്പെടുത്തി ദേശീയപാതയില്‍ പാലം ഗതാഗതത്തിനായി തുറന്നതോടെയാണ് ഇവിടെയുണ്ടായിരുന്ന ചങ്ങാട ഫെറി നിലച്ചത്. യാത്രാ ബസുകള്‍ വരെ കയറ്റാവുന്ന വലിയ ചങ്ങാട ഫെറി ബോട്ട് ഒരേസമയം കായലിന്റെ രണ്ട് കരകളിലെ ജെട്ടികളിലും അടുപ്പിക്കുമായിരുന്നു. 1960-കളില്‍ കുര്യാപ്പിള്ളിയിലായിരുന്നു ആദ്യ കടത്ത് ഉണ്ടായിരുന്നത്. 63-ല്‍ കുര്യാപ്പിള്ളിയില്‍ കോണ്‍ക്രീറ്റ് പാലം വന്ന ശേഷം മൂത്തകുന്നം മാട്ടുമ്മല്‍ കടവുവരെ റോഡുമുണ്ടാക്കി. മറുകരയായ കോട്ടപ്പുറം തൃശ്ശൂര്‍ ജില്ലയുടെ തുടക്കമാണ്. ചരിത്രത്തിനുമപ്പുറം ഐതിഹ്യങ്ങളോളം പഴക്കമുണ്ട് ഈ കായലിനും സമീപ പ്രദേശങ്ങള്‍ക്കും.

1341-ലുണ്ടായ മഹാ പ്രളയത്തെ തുടര്‍ന്ന് മുസിരിസ് എന്ന പ്രാചീന തുറമുഖം ഇല്ലാതെയായി. കൊച്ചിയില്‍ പുതിയ തുറമുഖം രൂപംകൊണ്ടു. കൊടുങ്ങല്ലൂര്‍ കായലിനു ചുറ്റും ഒട്ടേറെ തുരുത്തുകളും രൂപംകൊണ്ടു. മൂത്തകുന്നത്തിന്റെ മൂന്നുവശവും ഇപ്പോഴും വെള്ളത്താല്‍ ചുറ്റപ്പെട്ടതാണ്. പടിഞ്ഞാറ് അറബിക്കടലും അഴിമുഖവും വടക്ക് കോട്ടപ്പുറം കായലും. കിഴക്ക് ഗോതുരുത്ത് പുഴ.

പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന കൊച്ചി കമ്പോളവും കോട്ടപ്പുറം ചന്തയുമായി ബന്ധപ്പെടുത്തി ആദ്യം കെട്ടുവള്ളങ്ങളിലും പിന്നീട് ബോട്ടുകളിലും ചരക്ക്-യാത്രാ ഗതാഗതം സുഗമമായി നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നാല് പതിറ്റാണ്ട് മുമ്പായിരുന്നു അത്. ഇപ്പോള്‍ ഈ ജലമാര്‍ഗം ദേശീയ ജലപാത മൂന്നായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നടത്തിയിട്ടില്ല. സ്വാമി വിവേകാനന്ദന്റെ കേരള പര്യടന വേളയില്‍ മൂന്നുനാള്‍ സ്വാമിജി കൊടുങ്ങല്ലൂരില്‍ എത്തിയിരുന്നു. കായലിലൂടെ ഇതുവഴി വഞ്ചിയാത്ര നടത്തിയാണ് എത്തിയതെന്ന് ചരിത്രത്തിലുണ്ട്. ശ്രീനാരായണ ഗുരുദേവന്‍ ആറിലേറെ തവണ മൂത്തകുന്നത്ത് എത്തിയതും ഇതുവഴിയാണ്.

മുസിരിസ് ബോട്ട് ജെട്ടിയും മ്യൂസിയവും വേണം

ലോക പൈതൃക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ മുസിരിസ് പദ്ധതിയുടെ തുടക്കത്തില്‍ ഈ പ്രദേശവും പരിഗണിച്ചിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ത്തന്നെ മറുകരയിലുള്ള കോട്ടപ്പുറം ബോട്ട് ജെട്ടിയില്‍ കോടികളുടെ വികസനം നടത്തി. ജെട്ടികള്‍ ആധുനിക രീതിയില്‍ പുതുക്കിപ്പണിതു. പുഴയോരത്തെ മനോഹരമായ വാക് വേ, ആംഫി പാര്‍ക്ക്, സൗരോര്‍ജ വിളക്കുകള്‍, പോര്‍ച്ചുഗീസ് കോട്ട വികസനം, പരമ്പരാഗത ഭക്ഷ്യശാലകള്‍ എന്നിവയാണ് തുടങ്ങിയത്. എന്നാല്‍ മൂത്തകുന്നം ഫെറിക്കടവ് പാടെ തഴയപ്പെട്ടു.

ഫെറിക്കടവില്‍ ടൂറിസം യാനങ്ങള്‍ക്ക് ആധുനിക ജെട്ടി പണിയാവുന്നതാണ്. പരമ്പരാഗത തൊഴില്‍ മ്യൂസിയങ്ങളും ടൂറിസ്റ്റ് വിസിറ്റേഴ്സ് സെന്ററും തുടങ്ങാനുള്ള സ്ഥലം പി.ഡബ്ല്യു.ഡി. വക ഇവിടെയുണ്ട്. മൂത്തകുന്നം പാലം പണിക്ക് വര്‍ക്ക് ഏരിയയായി ഏറ്റെടുത്ത സ്ഥലം മൂന്നു പതിറ്റാണ്ടായി ഒഴിഞ്ഞുകിടക്കുന്നു. ഇവിടെ കായലിന് അഭിമുഖമായി കായിക കേന്ദ്രം, വോളിബോള്‍ കോര്‍ട്ട് എന്നിവ തുടങ്ങാം.

2021-ല്‍ മുസിരിസ് പൈതൃക ടൂറിസം പദ്ധതി പൂര്‍ണമായി കമ്മിഷന്‍ ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഈ വികസന പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ വിവിധ സംഘടനകള്‍ സാംസ്‌കാരിക, ധനകാര്യ മന്ത്രിമാര്‍ക്കും ടൂറിസം പൈതൃക പ്രോജക്ട് അധികൃതര്‍ക്കും നിവേദനം നല്‍കി.

Content Highlights: Muziris Heritage Tourism Project. Moothakunnam Heritage Project, Travel News, Kerala Tourism