കൊച്ചി പെഡൽ ഫോഴ്സ് സൈക്കിളിങ് ക്ലബ്ബിന്റെ നേതൃത്വത്തിലെത്തിയ സംഘം പറവൂർ ജൂത സിനഗോഗിനു മുന്നിൽ | ഫോട്ടോ: മാതൃഭൂമി
പറവൂര്‍: മുസിരിസ് പദ്ധതിപ്രദേശം കണ്ടറിയാന്‍ സൈക്കിള്‍ റൈഡ്. തൃപ്പൂണിത്തുറയില്‍ നിന്ന് പറവൂര്‍ വഴി കോട്ടപ്പുറം വരെ 100 കിലോമീറ്റര്‍ താണ്ടിയായിരുന്നു സംഘത്തിന്റെ മുസിരിസ് ഹെറിറ്റേജ് സൈക്കിള്‍ റൈഡ്.
മുസിരിസ് പൈതൃകപദ്ധതിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി പെഡല്‍ ഫോഴ്സ് സൈക്കിളിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഞായറാഴ്ച സൈക്കിള്‍ റൈഡ് സംഘടിപ്പിച്ചത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 15 റൈഡര്‍മാര്‍ പങ്കെടുത്തു. മുസിരിസ് പദ്ധതിപ്രദേശം പൂര്‍ണമായും സൈക്കിള്‍ റൈഡിലൂടെ കണ്ടറിയുകയായിരുന്നു യാത്രയുടെ ഉദ്ദേശ്യം. പറവൂര്‍ ജൂത സിനഗോഗില്‍ എത്തിയ സംഘത്തെ മുസിരിസ് പൈതൃക പദ്ധതി മാര്‍ക്കറ്റിങ് മാനേജര്‍ ഇബ്രാഹിം സബിന്‍, മ്യൂസിയം മാനേജര്‍ കെ.ബി. നിമ്മി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പെഡല്‍ ഫോഴ്സ് കൊച്ചി കോ-ഓര്‍ഡിനേറ്റര്‍ ജോബി രാജു നേതൃത്വം നല്‍കി. പറവൂര്‍ മാര്‍ക്കറ്റ്, പാലിയം കോവിലകം, പുത്തന്‍വേലിക്കര വഴി കോട്ടപ്പുറം കോട്ടയും കോട്ടപ്പുറം വാട്ടര്‍ഫ്രന്‍ഡും കോട്ടപ്പുറം മാര്‍ക്കറ്റും സംഘം സന്ദര്‍ശിച്ചു. നാടിന്റെ തനത് രുചികള്‍ ഉള്‍ക്കൊള്ളിച്ച വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.
മുസിരിസ് പൈതൃക പദ്ധതിയിലെ മുഴുവന്‍ ചരിത്ര പൈതൃക സ്മാരകങ്ങളും പൊതുയിടങ്ങളും കൂട്ടിയോജിപ്പിക്കുന്ന സൈക്കിള്‍പ്പാത 2021-ഓടെ നടപ്പിലാക്കാനാണ് ലക്ഷ്യം. ഇതിന്റെ തുടര്‍ച്ചയായി സൈക്കിള്‍പ്പാത ആലപ്പുഴ പൈതൃകപദ്ധതിയിലേക്കും വ്യാപിപ്പിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..