കോട്ടപ്പുറം കായലോരത്തെ നടപ്പാത | ഫോട്ടോ: മാതൃഭൂമി
- 24 പേര്‍ക്ക് പോകാവുന്ന ബോട്ടില്‍ അനുമതി 12 പേര്‍ക്ക്
- വാട്ടര്‍ ടാക്സിയില്‍ മൂന്നുപേര്‍ക്ക് യാത്രചെയ്യാം
കൊടുങ്ങല്ലൂര്‍: മുസിരിസ് പൈതൃകസ്മാരകങ്ങളും മ്യൂസിയങ്ങളും തീര്‍ഥാടനകേന്ദ്രങ്ങളും തേടി മുസിരിസിന്റെ ഓളപ്പരപ്പിലൂടെയുള്ള ജലയാത്രയ്ക്ക് ഒരിടവേളയ്ക്കുശേഷം തുടക്കമാകുന്നു.
അതോടൊപ്പം മുസിരിസിന്റെ പ്രധാന കേന്ദ്രമായ കോട്ടപ്പുറം കായലോരത്തെ ബോട്ടുജെട്ടികളും നടപ്പാതകളും ആംഫി തിയേറ്ററും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് വീണ്ടും വിശ്രമസങ്കേതങ്ങളാക്കിത്തുടങ്ങി. ആറുമാസമായി ആളനക്കമില്ലാതെ കിടന്ന പൈതൃകപദ്ധതി പ്രദേശങ്ങള്‍ കോവിഡ് നിയന്ത്രണ ഇളവുകളുടെ പശ്ചാത്തലത്തില്‍ പതുക്കെപ്പതുക്കെ ഉണരുകയാണ്.
സഞ്ചാരികള്‍ എത്തിയാല്‍, കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചും യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയും ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ട് സര്‍വീസുകളും വാട്ടര്‍ ടാക്സികളും പുനരാരംഭിക്കും.
ബോട്ട് സര്‍വീസുകളില്‍ ഡിസംബര്‍, ജനുവരി മാസങ്ങളിലേക്ക് ബുക്കിങ്ങിന് വിളികള്‍ എത്തുന്നുണ്ടെങ്കിലും അന്തിമതീരുമാനമാകാത്തതിനാല് ബുക്കിങ് ആരംഭിച്ചിട്ടില്ല. അതേസമയം, ഭക്ഷണമടക്കമുള്ള പാക്കേജ് ഒഴിവാക്കിയുള്ള സര്‍വീസുകള്‍ സഞ്ചാരികളെത്തിയാല്‍ ആരംഭിക്കും. ഇതിനായി ബോട്ടുകളും ജീവനക്കാരും തയ്യാറായിട്ടുണ്ട്.

സഞ്ചാരികള്‍ക്ക് പ്രിയം ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ട് സര്‍വീസ്
24 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് സര്‍വീസിന്റെ ഒരു ദിവസത്തെ യാത്രയ്ക്ക് ഒരാള്‍ക്ക് 500 രൂപയാണ് ഈടാക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഈ സര്‍വീസില്‍ 12 പേര്‍ക്കാണ് അനുവാദം നല്‍കുക. ചാര്‍ജില്‍ വ്യത്യാസം ഉണ്ടാകില്ല. പാലിയം കൊട്ടാരം, പറവൂര്‍ സിനഗോഗ്, കോട്ടപ്പുറം കോട്ട, ചെറായി സഹോദരന് അയ്യപ്പന് സ്മാരകം, പള്ളിപ്പുറം, അഴീക്കോട് മാര്‍ത്തോമ തീര്‍ഥകേന്ദ്രം തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വീസ്. അഞ്ച് ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ടുകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. മണിക്കൂറുകള്‍ നീളുന്ന യാത്രകള്‍ക്കായി അഞ്ച് വാട്ടര്‍ ടാക്സികളും സര്‍വീസ് നടത്തും. ആറുപേര്‍ക്ക് യാത്രചെയ്യാവുന്ന അഞ്ച് വാട്ടര്‍ ടാക്സികളാണ് ഇവിടെയുള്ളത്. മണിക്കൂറിന് 200 രൂപയാണ് ചാര്‍ജ്. കോട്ടപ്പുറം കായലോരത്തെ ആംഫി തിയേറ്ററും നടപ്പാതകളും സഞ്ചാരികള്‍ക്കും മറ്റുമായി തുറന്നു കൊടുത്തതോടെ കായലോരത്ത് വിശ്രമത്തിനും മറ്റുമായി നാട്ടുകാരും എത്തിത്തുടങ്ങി.
ആറുമാസത്തിനുശേഷം സഞ്ചാരികളുമായി പൈതൃകപ്രദേശങ്ങളിലേക്ക് യാത്രചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ്. കോവിഡ് കാലം കഴിയുന്നതുവരെ പാക്കേജ് സര്‍വീസുകള്‍ ഉണ്ടാകില്ല.
- വര്‍ഗീസ് ചിറയത്ത്, ബോട്ട് സ്രാങ്ക്
സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബോട്ടുയാത്രയ്ക്ക് സൗകര്യമേര്‍പ്പെടുത്തും. നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചെറിയതോതില്‍ യാത്രകള്‍ സംഘടിപ്പിക്കും.
- സജ്ന വസന്ത് രാജ്, മ്യൂസിയം മാനേജര്‍, മുസിരിസ് പൈതൃകപദ്ധതി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..