കൊടുങ്ങല്ലൂര്‍: ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനംപിടിച്ച അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ച് കോവിഡ് കാലം കഴിയുന്നതോടെ അകവും പുറവും മിനുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക്.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വിനോദസഞ്ചാരകേന്ദ്രമായ ബീച്ച് സൗന്ദര്യവത്കരണ പദ്ധതിയാണ് സര്‍ക്കാരിന്റെ ഭരണാനുമതി നേടിയത്. മുസിരിസ് ഹെറിറ്റേജ് ആന്‍ഡ് സ്പൈസസ് റൂട്ട് പ്രോജക്ടില്‍നിന്ന് 5.97 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒരു വര്‍ഷം മുമ്പാണ് ജില്ലാ വിനോദസഞ്ചാര പ്രൊമോഷന്‍ കൗണ്‍സില്‍ ബീച്ച്, മുസിരിസ് പൈതൃക പദ്ധതിക്ക് കൈമാറിയത്.

അഴീക്കോട് കടല്‍ത്തീരത്തായി ചൂളമരക്കാടുകളും ചീനവലകളും മിയോവാക്കി വനവും ഉള്‍പ്പെടെയുള്ള വിശാലമായ മണല്‍പ്പരപ്പോടുകൂടിയ 30 ഏക്കറിലധികം വരുന്നതാണ് ബീച്ച്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ മണല്‍പ്പരപ്പുള്ള ബീച്ചുകൂടിയാണ് ഇവിടം. ഇപ്പോള്‍ നിലവിലുള്ള പരിമിതമായ സൗകര്യങ്ങള്‍ ആധുനിക സംവിധാനങ്ങളോടെ വിപുലപ്പെടുത്തുകയും പ്രകൃതിസൗന്ദര്യം പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ടുള്ള സൗന്ദര്യവത്കരണവുമാണ് ലക്ഷ്യമിടുന്നത്.

Muziris Beach 2
ബീച്ചിലെ മിയാവാക്കി വനം | ഫോട്ടോ: മാതൃഭൂമി

ബീച്ചിന് കിഴക്കുഭാഗത്തായി വിപുലമായ സൗകര്യമുള്ള ബോട്ടുജെട്ടിയും വീതിയേറിയ നടപ്പാതകളും മൂന്ന് കീലോമീറ്ററോളം ദൂരത്തിലുള്ള സൈക്കിള്‍ പാതയും വിശ്രമസങ്കേതങ്ങളും കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും സൈന്‍ പോസ്റ്റുകള്‍, ഫുട്ബോള്‍, വോളിബോള്‍ തുടങ്ങിയ കായിക ഇനങ്ങള്‍ക്കുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കും.

കടലും കായലും സംഗമിക്കുന്ന അഴിമുഖത്തിനഭിമുഖമായി സ്ഥിതിചെയ്യുന്ന ബീച്ചില്‍ സൂര്യാസ്തമയം ദര്‍ശിക്കുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും. മാത്രമല്ല, അടുത്തകാലത്ത് ബീച്ചിന്റെ ഒരുഭാഗത്ത് 20 സെന്റ് സ്ഥലത്ത് തഴച്ചുവളരുന്ന മിയോവാക്കി വനവും ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത കാഴ്ചയൊരുക്കും.

ബോട്ടുജെട്ടി കൂടി വരുന്നതോടെ മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലേക്ക് ഇവിടെനിന്ന് ഒരു ജലപാതകൂടി സ്ഥാപിതമാകും.

കേരളത്തിലെ മികച്ച ബീച്ചായി മാറും

കേരളത്തിലെ ഏറ്റവും വിസ്തൃതിയേറിയതും ആധുനിക സംവിധാനങ്ങളുള്ളതുമായ ബീച്ചായി ഇത് മാറും. ആറ് കോടിയോളം രൂപ ചെലവഴിച്ച് ഒരുവര്‍ഷംകൊണ്ടാണ് ബീച്ചിന്റെ സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കുന്നത്. കിലോമീറ്ററോളം നീളത്തിലുള്ള സൈക്കിള്‍ പാതയും വീതിയേറിയ നടപ്പാതകളും ബീച്ചിന്റെ പ്രത്യേകതകളാകും. മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലെത്തുന്ന സഞ്ചാരികളുടെ പ്രധാന കേന്ദ്രമാകും അഴീക്കോട് മുസിരിസ് ബീച്ച്.

- പി.എം. നൗഷാദ്, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍

നിയോജകമണ്ഡലത്തിന് വലിയ നേട്ടം

കയ്പമംഗലം നിയോജകമണ്ഡലത്തിന് വലിയ നേട്ടമാണ് കൈവരുന്നത്. ബീച്ചുമായി ബന്ധപ്പെട്ട് തീരദേശത്ത് നിരവധി തൊഴില്‍സാധ്യതകളാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നത്. ബീച്ചിനോടനുബന്ധിച്ച് 73 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ബോട്ടുജെട്ടി മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളെ തമ്മില്‍ ജലമാര്‍ഗം ബന്ധിപ്പിക്കാനുള്ള പ്രധാന കേന്ദ്രമാകും. ബീച്ചിലേക്കുള്ള ഗതാഗതസൗകര്യങ്ങള്‍ ഇപ്പോള്‍ തന്നെ കുറ്റമറ്റതാക്കിയിട്ടുണ്ട്. കൂടുതല്‍ ഗതാഗതസൗകര്യങ്ങള്‍ ഇതോടനുബന്ധിച്ച് ഒരുക്കുകയും ചെയ്യും.

- ഇ.ടി. ടൈസണ്‍ എം.എല്‍.എ.

Content Highlights: Muziris Heritage Tourism, Muziris Beach, Kerala Tourism, Travel News