• മുസിരിസ് പൈതൃക പദ്ധതിയും കൊടുങ്ങല്ലൂർ നഗരസഭയും ചേര്‍ന്ന് പദ്ധതി നടപ്പിലാക്കും
  • സ്‌കൂള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനം നല്‍കും
  • 20 വര്‍ഷത്തേക്കാണ് നഗരസഭയുമായുള്ള കരാര്‍

മുസിരിസിന്റെ ഓളപ്പരപ്പുകളില്‍ ഇനി കയാക്കിങ് പരിശീലനവും യാത്രകളും. ഇതിനായി മുസിരിസ് പൈതൃക പദ്ധതിയും കൊടുങ്ങല്ലൂര്‍ നഗരസഭയും കൈകോര്‍ത്തു. ഇതുസംബന്ധിച്ച് നഗരസഭയും മുസിരിസ് പൈതൃക പദ്ധതിയും 20 വര്‍ഷത്തേക്കുള്ള ധാരണാപത്രം ഒപ്പുവയ്ക്കും.

പൈതൃക പദ്ധതി പ്രദേശത്തെ കായല്‍പരപ്പുകളിലാണ് സാഹസികവും വിനോദവും ഒത്തുചേരുന്ന കയാക്കിങ് പരിശീലനത്തിനും യാത്രകള്‍ക്കും തുടക്കമാകുന്നത്. ഇതോടെ പ്രദേശത്തേക്ക് കൂടുതല്‍ സഞ്ചാരികളെയും യാത്രികരെയും എത്തിക്കുകയും കായല്‍ ടൂറിസം ശക്തിപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. കയാക്കിങ്ങിന് കോട്ടപ്പുറം, പുല്ലൂറ്റ് കായലുകള്‍ അനുയോജ്യമാണെന്ന് നേരത്തെ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു.

കാവില്‍ക്കടവിലെ മുസിരിസ് വിസിറ്റേഴ്സ് സെന്ററിന് സമീപത്തുള്ള നഗരസഭയുടെ 72 സെന്റിലെ വി.കെ. രാജന്‍ സ്മാരക ചില്‍ഡ്രന്‍സ് പാര്‍ക്കും പദ്ധതിയുടെ ഭാഗമാണ്. കഴിഞ്ഞ രണ്ടു പ്രളയങ്ങളില്‍ നാശം സംഭവിച്ച പാര്‍ക്ക് 35 ലക്ഷം രൂപ ചെലവുചെയ്ത് അടുത്തിടെ നവീകരിച്ചിരുന്നു.

പാര്‍ക്കിനോട് ചേര്‍ന്നുള്ള കായലില്‍ അന്താരാഷ്ട്ര നിലവാരമുള്ള കയാക്കിങ് ഫ്ളോട്ടിങ് ജെട്ടികള്‍ സ്ഥാപിക്കും. വിദഗ്ധരായ പരിശീലകരെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പരിശീലനം നല്‍കാന്‍ നിയോഗിക്കും. പാഡ്ലിങ് കയാക്കിങ്, സ്റ്റാന്‍ഡപ്പ് പാഡില്‍ ബോര്‍ഡിങ് എന്നിവയിലായിരിക്കും പരിശീലനം.

ജനുവരിയില്‍ കോഴിക്കോട് ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ കോട്ടപ്പുറം മുതല്‍ ബോള്‍ഗാട്ടിവരെ മുസിരിസ് പൈതൃക പദ്ധതി സംഘടിപ്പിച്ച രണ്ടു ദിവസത്തെ കയാക്കിങ് വലിയ വിജയമായിരുന്നു. ഇതേ തുടര്‍ന്നാണ് മുസിരിസ് പാഡില്‍ ആരംഭിക്കാന്‍ തീരുമാനമായത്.

വിനോദസഞ്ചാരത്തിന് മുതല്‍ക്കൂട്ട്

കയാക്കിങ് വരുന്നതോടെ കൊടുങ്ങല്ലൂരിലെ വിനോദസഞ്ചാര മേഖലയില്‍ വലിയ മുതല്‍ക്കൂട്ടാകും. വിപുലമായ കായല്‍ സമ്പത്തുള്ള കൊടുങ്ങല്ലൂരിന്റെ കായല്‍ ടൂറിസത്തിനും കായലുകളും പുഴകളും വൃത്തിയായി സംരക്ഷിക്കുന്നതിനും കയാക്കിങ് പാഡില്‍ ഉപയോഗപ്രദമാകും.

കെ.ആര്‍. ജൈത്രന്‍ (കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍)

പിന്തുണ പ്രതീക്ഷിക്കുന്നു

സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് കയാക്കിങ്ങില്‍ പരിശീലനം നല്‍കുന്നതോടെ മേഖലയില്‍ പുതിയൊരു സാഹസിക വിനോദസഞ്ചാര മേഖലയാണ് തുറക്കപ്പെടുന്നത്. കോട്ടപ്പുറത്ത് നിന്ന് ബോള്‍ഗാട്ടിയിലേക്ക് നടത്തിയ കയാക്കിങ്ങിന് ലഭിച്ച വലിയതോതിലുള്ള പിന്തുണ ഈ പദ്ധതിക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.എം. നൗഷാദ് (മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍)

Content Highlights: Muziris Heritage Tourism, Muziris Beach, Kayaking in Muziris Tourism, Kerala Tourism, Travel News