മാള: ചരിത്രമുറങ്ങുന്ന മാളച്ചാലിലൂടെ അഞ്ച് പതിറ്റാണ്ടുകള്‍ക്കുശേഷം കോട്ടപ്പുറത്തുനിന്ന് ആദ്യമായി ബോട്ടെത്തി. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള ബോട്ടാണ് വെള്ളിയാഴ്ച ഉച്ചയോടെ മാളച്ചാലിന്റെ പഴയ ബോട്ടുജെട്ടിയുടെ ഭാഗത്തെത്തിയത്. മുസിരിസ് പദ്ധതിയുടെ ഭാഗമായി മാളച്ചാല്‍ നവീകരണം, ബോട്ടുജെട്ടി നിര്‍മാണം, കെ.എ. തോമസ് മാസ്റ്റര്‍ ചരിത്രമ്യൂസിയം എന്നിവ നിര്‍മിക്കാന്‍ പരിപാടിയുണ്ട്. ഇവയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടായിരുന്നു യാത്ര.

പരീക്ഷണ ഓട്ടം എന്നനിലയിലായിരുന്നു ബോട്ടുയാത്ര. മാളയുടെ ചരിത്രവുമായി ഇഴപിരിയുന്നതാണ് മാളച്ചാല്‍. ഈ ജലപാതയിലൂടെയാണ് മാളയിലേക്ക് യഹൂദരും ഗോവയില്‍നിന്നുള്ള ഗൗഡസാരസ്വതരും മിഷനറിമാരും മാളയിലെത്തിയത്. ദേശീയപാതയും അനുബന്ധപാലങ്ങളും യാഥാര്‍ഥ്യമാകുന്നതിന് മുമ്പ് മാള പ്രധാന വാണിജ്യകേന്ദ്രമായിരുന്നു.

Muziris Boat
മാളച്ചലിലെത്തിയ മുസിരിസിന്റെ ബോട്ട്‌

കൊരട്ടി മധുര കോട്സിലേക്കാവശ്യമായ യന്ത്രസാമഗ്രികള്‍ ബോട്ട് മാര്‍ഗം ഇവിടെയെത്തിച്ചാണ് ഫാക്ടറിയിലെത്തിച്ചത്. കോട്ടപ്പുറം ചന്തയുമായി ബന്ധിപ്പിക്കുന്ന ജലപാതയിലൂടെ രാത്രിയും പകലും യാത്രക്കാരുമായി ബോട്ടുകളും സാധനസാമഗ്രികളുമായി കെട്ടുവള്ളങ്ങളും യാത്രചെയ്തിരുന്നു. ദേശീയപാതയിലൂടെ ചരക്കുനീക്കം സുഗമമായതോടെയാണ് ഈ പാതയുടെ പ്രാധാന്യം നഷ്ടമായത്. ബോട്ട് യാത്രക്കാര്‍ ഇല്ലാതായതോടെ ബോട്ട് സര്‍വീസ് നിലച്ചു. എങ്കിലും ചരക്കുനീക്കം കുറേകാലം കൂടി മുന്നോട്ടുപോയി.

മാളയുടെ 'ഗേറ്റ് വേ' എന്നറിയപ്പെടുന്ന ചാല്‍ നവീകരിക്കുവാനും ബോട്ട് സര്‍വീസ് ആരംഭിക്കുവാനും പരിപാടിയുണ്ട്. ഇവയുടെ നിര്‍മാണത്തിനുള്ള സ്ഥലം കണ്ടെത്താനായുള്ള സര്‍വേ പുരോഗമിക്കുന്നുണ്ട്. പഞ്ചായത്തിന്റേയും ഇറിഗേഷന്‍ വകുപ്പിന്റേയും കീഴിലായി ഒരേക്കറോളം സ്ഥലം പുറമ്പോക്കായുണ്ട്. ഇവ അളന്ന് തിട്ടപ്പെടുത്തി മുസിരിസ് പദ്ധതിക്കായി വിട്ടുകൊടുക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. മാളയിലെത്തിയ ബോട്ടിനെ വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, പഞ്ചായത്തംഗം ബിജു ഉറുമീസ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.പി. രവീന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

പഞ്ചായത്ത് സ്ഥലം വിട്ടുനല്‍കിയാല്‍ പദ്ധതി

മാളച്ചാലിന്റെ പ്രൗഢി വീണ്ടെടുക്കുന്ന ചാല്‍ നവീകരണം, ബോട്ടുജെട്ടി നിര്‍മാണം, മ്യൂസിയം നിര്‍മാണം എന്നിവ പഞ്ചായത്ത് സ്ഥലം വിട്ടുനല്‍കുന്നമുറയ്ക്ക് ആരംഭിക്കാനാകും. ഒരേക്കറോളം സ്ഥലമുണ്ടാകുമെന്നാണ് പ്രാഥമിക അറിവ്. ഇവ പൂര്‍ത്തിയാകുന്നതോടെ മുസിരിസ് ടൂറിസം സര്‍ക്യൂട്ടിന്റെ പുതിയ പാതയായി മാറ്റാനാകും. ഇവിടത്തെ യഹൂദ സിനഗോഗ്, സെമിത്തേരി എന്നിവയെ കൂട്ടിയിണക്കാനാകും. നിര്‍മാണങ്ങള്‍ക്ക് പദ്ധതിയില്‍ തുകയുണ്ട്. അതിനാല്‍ സാമ്പത്തികപ്രശ്നംമൂലം നിര്‍മാണം മാറ്റിവെക്കേണ്ടിവരില്ല.

- പി.എം. നൗഷാദ്, എം.ഡി., മുസിരിസ് പദ്ധതി

എത്തുമെന്ന ഉറപ്പോടെയല്ല യാത്ര തിരിച്ചത്

കോട്ടപ്പുറത്തുനിന്ന് യാത്രതിരിക്കുമ്പോള്‍ മാളയിലെത്തുമെന്ന് കരുതിയിരുന്നില്ല. 50 വര്‍ഷത്തിന് ശേഷം ആദ്യമായുള്ള യാത്രയെന്നറിഞ്ഞപ്പോള്‍ ആശങ്കയും ഉണ്ടായിരുന്നു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ വൈദ്യുതിലൈന്‍ താഴ്ന്നുകിടക്കുന്നത് കണ്ടപ്പോള്‍ ബോട്ട് തിരിക്കാനൊരുങ്ങിയതാണ്. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ ബോട്ടില്‍ കരുതിയ പങ്കായം ഉപയോഗിച്ച് ലൈന്‍ ഉയര്‍ത്തിപ്പിടിച്ച് കടന്നുപോന്നു. ആലപ്പുഴയുടെ കായലോരം പോലെ പ്രകൃതിമനോഹരമാണ് ഇവിടേക്കുള്ള യാത്ര. ജലപാതയ്ക്ക് കാര്യമായ തടസ്സങ്ങളില്ല. വശങ്ങളിലെ വൃക്ഷങ്ങളുടെ ശാഖകള്‍ വളര്‍ന്നതുമൂലമുള്ള തടസ്സം മാത്രമാണുള്ളത്. ഇവ മാറ്റിയാല്‍ കോട്ടപ്പുറത്തുനിന്ന് സുഗമമായി മാളയിലേക്ക് ബോട്ടുമാര്‍ഗമെത്താം. 15 കിലോമീറ്ററില്‍ താഴെമാത്രമാണ് ദൂരം. പരീക്ഷണ ഓട്ടമായിട്ടുപോലും 40 മിനിറ്റുകൊണ്ട് എത്താനായി.

- പി.എസ്. സാജി, സ്രാങ്ക്

Content Highlights: Muziris Heritage Tourism, Malachal Boat Service, Kerala Tourism, Travel News