കൊടുങ്ങല്ലൂര്‍: ലോകത്തിനു മുന്നില്‍ കേരളത്തിന്റെ രണ്ടായിരം വര്‍ഷത്തെ നേര്‍ക്കാഴ്ചയൊരുക്കുന്ന മുസിരിസ് പൈതൃക പദ്ധതിക്ക് കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണും പിന്നാലെയെത്തുന്ന മഴക്കാലവും വലിയ തിരിച്ചടിയാകുന്നു.

രണ്ട് മഹാപ്രളയങ്ങളെയും അതിജീവിച്ച് രണ്ടാംഘട്ടം പൂര്‍ത്തിയാക്കി പദ്ധതി സമര്‍പ്പണത്തിന് അവസാനഘട്ട ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് കോവിഡ് വ്യാപനമുണ്ടായത്. ഇതോടെ രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് നീങ്ങിയപ്പോള്‍ മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങള്‍ വിജനമായ കേന്ദ്രങ്ങളായി മാറി.

പദ്ധതിയുടെ പ്രധാന ആകര്‍ഷണമായ പൈതൃക പദ്ധതി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ടുയാത്രയും സ്തംഭിച്ചതോടെ വലിയ സാമ്പത്തികനഷ്ടമാണ് മുസിരിസ് പ്രോജക്ട് കമ്പനിക്ക് നേരിടേണ്ടിവരുന്നത്.

ഇത്തവണ അഴീക്കോട് മാര്‍ത്തോമ്മയിലും തിരുവഞ്ചിക്കുളത്തും പറവൂരിലും കൂടുതല്‍ ബോട്ടുജെട്ടികള്‍ നിര്‍മിക്കുകയും കൂടുതല്‍ വിനോദസഞ്ചാരകേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും ഉള്‍പ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. കോട്ടപ്പുറം, പറവൂര്‍ ജെട്ടികളില്‍നിന്ന് ജലയാത്ര നടത്തിയിരുന്ന 11 ബോട്ടുകളും അമ്പതുദിവസമായി വിശ്രമത്തിലാണ്. കഴിഞ്ഞ അവധിക്കാലത്ത് ഒരു മണിക്കൂര്‍ പോലും ഒഴിവില്ലാത്ത നിലയിലായിരുന്നു ബോട്ടുകളുടെ സര്‍വീസ് നടന്നിരുന്നത്.

ഇതോടൊപ്പംതന്നെ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ അഴീക്കോട് മുനക്കല്‍ മുസിരിസ് ബീച്ചും അടച്ചിട്ടിരിക്കുകയാണ്. അടുത്തിടെ അഴീക്കോട് കടലില്‍ ഡോള്‍ഫിനുകള്‍ കൂട്ടത്തോടെയെത്തിയ വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ബീച്ചിലെത്തിയിരുന്നത്. പദ്ധതിപ്രദേശങ്ങളും ഇതുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചതോടെ നിരവധി ജോലിക്കാര്‍ വീട്ടിലിരിപ്പാണ്. 120-ഓളം വരുന്ന സുരക്ഷാ ജീവനക്കാരില്‍ ഇരുപതുപേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ജോലിയുള്ളത്.

Content Highlights: Muziris Heritage Centers, Kodungallur, Muziris Boat Travel, Travel News, Kerala Tourism, Kerala Covid 19