സുൽത്താൻബത്തേരി: വയനാട് വന്യജീവിസങ്കേതത്തിന്റെ പേര് ടാക്സിജീപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. മുത്തങ്ങ ഇക്കോ ടൂറിസം കേന്ദ്രത്തിൽ വനസഫാരിക്കായി പോകുന്ന ടാക്സിജീപ്പുകളാണ്, മുൻവശത്തെ ചില്ലിൽ ‘വയനാട് വന്യജീവിസങ്കേതം മുത്തങ്ങ’ എന്ന പേര് പതിച്ചിട്ടുള്ളത്. വാഹനങ്ങളിൽ ഇത്തരത്തിൽ വന്യജീവിസങ്കേതത്തിന്റെ പേരുപയോഗിക്കുമ്പോൾ ഇത്‌ വനംവകുപ്പിന്റെ വാഹനമാണെന്ന് സഞ്ചാരികളിലും പൊതുജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കുന്നെന്നാണ് പരാതി.

ഇതിനുനേരെ നടപടി സ്വീകരിക്കാൻ രണ്ടുവർഷംമുമ്പ് വയനാട് വന്യജീവിസങ്കേതം മേധാവി നിർദേശം നൽകിയിരുന്നു. മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ട് ചർച്ച നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ 2020 ജനുവരി ഒമ്പതിനാണ് വയനാട് വന്യജീവിസങ്കേതം മേധാവി നിർദേശം നൽകിയത്. എന്നാൽ, പിന്നീട് കോവിഡ് വ്യാപനത്തെത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കുകയും ലോക്ഡൗൺ നീളുകളും ചെയ്തതോടെ തുടർനടപടികളുണ്ടായില്ല. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ടൂറിസംകേന്ദ്രങ്ങൾ സജീവമായതോടെയാണ് ടാക്സിജീപ്പുകളിലെ പേരിനെച്ചൊല്ലി പരാതികളുയർന്നുതുടങ്ങിയത്. നിലവിൽ ഈ വിഷയം മോട്ടോർവാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നുമാണ് വയനാട് വന്യജീവിസങ്കേതം അധികൃതർ പറയുന്നത്.

ആരോപണം അടിസ്ഥാനരഹിതം

മുത്തങ്ങയിലെത്തുന്ന വിനോദസഞ്ചാരികളെ വനത്തിനുള്ളിലേക്ക് സഫാരിക്ക് കൊണ്ടുപോകുന്നതിനായി പ്രദേശത്തുള്ള 30 ടാക്സി ജീപ്പുകൾക്കാണ് വനംവകുപ്പ് അനുമതി നൽകിയിട്ടുള്ളത്. മുത്തങ്ങ ടാക്സി ഡ്രൈവേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിലുള്ള വാഹനങ്ങളാണ് ഇത്തരത്തിൽ സഫാരി നടത്തുന്നത്. സഫാരിക്കുപോകുന്ന ജീപ്പുകളുടെ പേരുകൾ ഏകീകരിക്കണമെന്ന വനംവകുപ്പിന്റെ നിർദേശപ്രകാരമാണ് വയനാട് വന്യജീവിസങ്കേതം, മുത്തങ്ങ എന്ന് ഉപയോഗിക്കാൻ കമ്മിറ്റിചേർന്ന് തീരുമാനമെടുത്തതെന്ന് മുത്തങ്ങ ടാക്സി ഡ്രൈവേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി കോ-ഓർഡിനേറ്റർ ഉസ്മാൻ കാളങ്ങണ്ടി പറഞ്ഞു. മുമ്പ് പലനിറത്തിലുള്ള സ്റ്റിക്കറുകൾ ഉപയോഗിച്ച് പല പേരുകളായിരുന്നു വാഹനങ്ങളിൽ ഒട്ടിച്ചിരുന്നത്. വനംവകുപ്പിന്റെ നിർദേശപ്രകാരമാണ് പല നിറത്തിലുണ്ടായിരുന്ന ടാക്സിജീപ്പുകൾ പച്ചനിറത്തിലാക്കിയതും. ഇത് തൊഴിലാളികളുടെ ഉപജീവനമാർഗമാണെന്നും മറ്റാരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഉസ്മാൻ കാളങ്ങണ്ടി പറഞ്ഞു.

Content Highlights: muthanga wildlife sanctury, safari jeps in muthanga, wayanad tourism