മൂന്നാർ: വിനോദസഞ്ചാരികൾക്ക് കാഴ്ചകൾ കാണുന്നതിനായി കെ.എസ്.ആർ.ടി.സി. ആരംഭിച്ച ‘സൈറ്റ് സീങ്’ സർവീസ് വൻവിജയം. ജനുവരി ഒന്നിന് ആരംഭിച്ച സർവീസ് തിങ്കളാഴ്ചവരെ 1,55,650 രൂപ കളക്ഷൻ നേടി.
പഴയ മൂന്നാർ ഡിപ്പോയിൽനിന്ന് ടോപ് സ്റ്റേഷനിലേക്കാണ് പുതിയ സർവീസ്. രാവിലെ ഒൻപതിന് ആരംഭിക്കുന്ന സർവീസ്, ടീ മ്യൂസിയം, റോസ് ഗാർഡൻ, ഫോട്ടോ പോയിന്റ്, മാട്ടുപ്പട്ടി, എക്കോ പോയിന്റ്, കുണ്ടള വഴി ടോപ് സ്റ്റേഷനിലെത്തി മടങ്ങും.
എല്ലായിടങ്ങളിലും സഞ്ചാരികൾക്ക് ചുറ്റിക്കാണുന്നതിനുള്ള സമയം അനുവദിക്കും. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. കെ.എസ്.ആർ.ടി.സി. ബസിൽ 100 രൂപാ നിരക്കിൽ വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനുള്ള സ്ലീപ്പർ കോച്ച് സംവിധാനവും വൻവിജയമാണ്.
മൂന്ന് ബസുകളിലായി 48 പേർക്ക് താമസിക്കാവുന്ന സംവിധാനമാണ് ഡിപ്പോയിൽ ഒരുക്കിയിരിക്കുന്നത്. നവംബർ 14-നാണ് സർവീസ് ആരംഭിച്ചത്. തിങ്കളാഴ്ച വരെ 3,33,300 രൂപ വരുമാനമായി ലഭിച്ചു.
Content Highlights: Munnar Trip in KSRTC, Old Munnar to Top station Travel in KSRTC, Kerala Tourism, Travel News