
മൂന്നാറിൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി എസ്.രാജേന്ദ്രൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ മാട്ടുപ്പട്ടിയിൽ പരിശോധന നടത്തുന്നു | ഫോട്ടോ: മാതൃഭൂമി
മൂന്നാര്‍: 1924-ലെ പ്രളയത്തില്‍ തകര്‍ന്ന മൂന്നാറിലെ ട്രെയിന്‍ സര്‍വീസിന് പുനര്ജന്മം. മൂന്നാര്‍ ടൗണിനുസമീപം മാട്ടുപ്പട്ടി റോഡിലെ കെ.എഫ്.ഡി.സി. പൂന്തോട്ടംമുതല് മാട്ടുപ്പട്ടി അണക്കെട്ടിനുസമീപമുള്ള തേയില ഫാക്ടറിവരെയുള്ള ഭാഗത്താണ് അഞ്ചരക്കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ സര്‍വീസ് ആരംഭിക്കുന്നത്. കൂടുതല്‍ വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യമിട്ടാണ് പ്രകൃതിക്ക് ദോഷം വരാത്തവിധത്തില്‍ ആകാശ റെയില്‍ നിര്‍മിക്കുന്നത്. ഇരുമ്പുതൂണുകളില്‍ ഉറപ്പിക്കുന്ന പാളത്തില്‍ കൂടിയാണ് ട്രെയിന്‍ പോകുന്നത്.
നാലു ബോഗികളും മൂന്നുസ്റ്റേഷനുകളുമുള്ള പദ്ധതി കണ്ണന്‍ദേവന്‍ കമ്പനി, സംസ്ഥാന വിനോദസഞ്ചാര വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. കെ.എഫ്.ഡി.സി. പൂന്തോട്ടം, കൊരണ്ടക്കാട്, മാട്ടുപ്പട്ടി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍.
2019-ലെ സംസ്ഥാന ബജറ്റില്‍ മൂന്നാറില്‍ ട്രെയിന്‍ പദ്ധതിക്ക് അനുമതി നല്‍കിയെങ്കിലും തുക പ്രഖ്യാപിച്ചിരുന്നില്ല. പദ്ധതി പ്രഖ്യാപിച്ചശേഷം ഉടന്‍തന്നെ വിദഗ്ധസംഘം മൂന്നാറിലെത്തി സാങ്കേതിക പരിശോധന നടത്തി മേഖല ട്രെയിന്‍ സര്‍വീസിന് ഉചിതമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ട്രെയിനിന്റെ അലൈന്മെന്റ് പരിശോധനയ്ക്കായി വിദഗ്ധസംഘം എത്തിയത്. അലൈന്മെന്റ് തീര്‍ച്ചപ്പെടുത്തിയതോടെ പദ്ധതിയുടെ നിര്‍മാണചെലവ് സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിച്ച് അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് എസ്.രാജേന്ദ്രന് എം.എല്‍.എ. പറഞ്ഞു.
കേരള റെയില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ഡെപ്യൂട്ടി ജന.മാനേജര്‍ സി.സി.ജോയി, അഡീ. ജന. മാനേജര്‍ ഷാഹുല്‍ ഹമീദ്, ടൂറിസം ജോ. ഡയറക്ടര്‍ തോമസ് ആന്റണി, ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണിക്കൃഷ്ണന്, ഡി.ടി.പി.സി. സെക്രട്ടറി പി.എസ്.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 1924 ഓഗസ്റ്റിലുണ്ടായ പ്രളയത്തിലാണ് മൂന്നാറിലെ കുണ്ടളവാലി മോണോ റെയില്‍ തകര്‍ന്നത്.
മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത് മൂന്നാറിന്റെ വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ചയ്ക്ക് ഏറെ പ്രയോജനകരമാണ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ മൂന്നാറിന്റെ മലനിരകളില്‍ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത് കേട്ടറിവ് മാത്രമാണ്.
- ബിജു മാത്യു, വ്യാപാരി, മൂന്നാര്‍.
ഗതാഗതം സുഗമമാകും
പ്രകൃതിക്ക് ദോഷംവരാത്ത വിധത്തില്‍ മൂന്നാറില്‍ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസ് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സഹായിക്കും. മാട്ടുപ്പട്ടി റോഡിലെ ഗതാഗതക്കുരുക്ക് കുറയാനും കാരണമാകും.
- ആര്.മോഹന്‍, ട്രാക്ക് ഫൈന്‍ഡര്‍ അഡ്വഞ്ചഴ്സ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..