മറയൂര്‍: ചരിത്രസ്മാരകമായ മുനിയറകള്‍ പൊളിച്ചടുക്കി സാമൂഹികവിരുദ്ധര്‍. പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും കൂടുതല്‍ മുനിയറകള്‍ ഉള്ള മറയൂരിലാണ് സംഭവം. മുരുകന്‍ മലയിലെ മുനിയറകളാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. മുനിയറകള്‍ പൊളിച്ച് സമീപത്തുതന്നെ വൃത്താകൃതിയില്‍ കല്ലുകള്‍ അടുക്കി വെച്ചിരിക്കുകയാണ്.

വിനോദഞ്ചാരികളുടെ പ്രധാന ആകര്‍ഷകമായ മുരുകന്‍മലയിലെ മുനിയറകള്‍ ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ളവയാണ്. മനുഷ്യന്‍ ഇരുമ്പ് ഉപയോഗിച്ച് തുടങ്ങിയ നവശിലായുഗത്തിലെ (മെഗാലിറ്റിക് ഏജ്) സ്മാരകങ്ങളാണ് മുനിയറകളെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.

മുരുകന്‍ മലയിലെ 90 ശതമാനം മുനിയറകളും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. വീടുകള്‍ക്ക് അസ്ഥിവാരത്തിനുള്ള കല്ലുകളായിപോലും പലതും ഉപയോഗിച്ചിട്ടുണ്ട്.

മറയൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതിവിഹിതം ഉപയോഗിച്ച് മുരുകന്‍മലയിലെ 80 ശതമാനം മുനിയറകളും കമ്പിവേലികെട്ടി സുരക്ഷിതമാക്കിയിരുന്നു. സംരക്ഷണം ലഭിക്കാത്ത മുനിയറകളാണ് തകര്‍ക്കപ്പെട്ടത്. പ്രദേശവാസികളാണോ അതോ സന്ദര്‍ശകരാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.