മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതോടെ പുതിയൊരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ഏവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ ഭാഗമായി മിക്ക സര്‍ക്കാര്‍ ഓഫീസുകളും വാക്‌സിനേഷന്‍ സെന്ററുകളാക്കി.

അതോടൊപ്പം ഒരു ക്ഷേത്രവും വാക്‌സിനേഷന്‍ സെന്ററാക്കി മാറ്റി സര്‍ക്കാര്‍. മുംബൈയിലെ ഒരു ജൈനക്ഷേത്രമാണ് നിലവില്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന്നത്. 

മുംബൈ അന്ധേരി ഈസ്റ്റിലെ ജെ.ബി. നഗറിലുള്ള ജൈനക്ഷേത്രത്തില്‍ കോവിഡ് വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാക്കിത്തുടങ്ങി. മരുന്ന് സൂക്ഷിക്കാനായി റഫ്രിജറേറ്ററുകളും ഡോക്ടര്‍മാര്‍ക്കായി മുറികളും സി.സി.ടി.വി ക്യാമറകളുമെല്ലാം ക്ഷേത്രത്തില്‍ സ്ഥാപിച്ചു.

കോവിന്‍ പോര്‍ട്ടലില്‍ തരുണ്‍ഭാരത് ജെയിന്‍ ടെംപിള്‍ എന്ന പേരില്‍ ക്ഷേത്രം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സെവന്‍ ഹില്‍സ് ആശുപത്രിയിലെ ജീവനക്കാരാണ് ക്ഷേത്രത്തില്‍ വാക്‌സിനേഷന്‍ നല്‍കുക. 

ക്ഷേത്രത്തിലെ ജൈന സന്ന്യാസികളാണ് ഈ ആശയത്തിന് നേതൃത്വം നല്‍കുന്നത്. നേരത്തേ ബറോഡയിലും അഹമ്മദാബാദിലുമുള്ള ക്ഷേത്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് രോഗികള്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ ജൂണ്‍ ഒന്നുവരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. 

Content Highlights: Mumbai's Jain Temple gets converted into a vaccination centre