മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും വലിയ മൃഗശാലകളിലൊന്നായ മുംബൈയിലെ ബൈക്കുള വിപുലീകരിക്കുന്നു. പത്ത് ഏക്കര്‍ ഭൂമി കൂടി മൃഗശാലയ്‌ക്കൊപ്പം ചേര്‍ത്ത് കൂടുതല്‍ മൃഗങ്ങളെ മൃഗശാലയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

വീര്‍മാത ജീജാഭായി ഭോസലേ ഉദ്യാന്‍ എന്ന പേരിലറിയപ്പെടുന്ന ബൈക്കുള മൃഗശാല നിലവില്‍ 53 ഏക്കറിലായാണ് പരന്നുകിടക്കുന്നത്. പുതിയ പദ്ധതി പ്രകാരം പണി പൂര്‍ത്തിയാകുന്നതോടെ മൃഗശാലയുടെ വിസ്തൃതി 63 ഏക്കറായി വളരും. മൃഗശാല ഡയറക്ടര്‍ ഡോ.സഞ്ജയ് ത്രിപാഠിയാണ് ഇക്കാര്യം അറിയിച്ചത്. 

പുതുതായി നിര്‍മിക്കുന്ന സ്ഥലം 15 ഭാഗങ്ങളായി തിരിക്കും. അതില്‍ ജിറാഫ്, വെള്ള സിംഹം, കരിമ്പുലി, ചിമ്പാന്‍സി, ഒട്ടകപക്ഷി, റിങ്‌ടെയ്ല്‍ ലീമര്‍, ചീറ്റപ്പുലി തുടങ്ങിയ മൃഗങ്ങളെ പരിപാലിക്കും. ലോക്ക്ഡൗണ്‍ മൂലം ഇപ്പോള്‍ മൃഗശാല അടച്ചിട്ടിരിക്കുകയാണ്. ലോക്ക്ഡൗണിനുശേഷം സഞ്ചാരികള്‍ക്ക് മുംബൈയില്‍ സന്ദര്‍ശിക്കാവുന്ന ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നാണ് ബൈക്കുള മൃഗശാല.

175 കോടി രൂപ മുടക്കിയാണ് മൃഗശാല മോടിപിടിപ്പിക്കുന്നത്. നിലവില്‍ ബൈക്കുള മൃഗശാലയില്‍ 330-ല്‍ അധികം ജീവജന്തുക്കള്‍ വസിക്കുന്നുണ്ട്.

Content Highlights: Mumbai's civic-run zoo to expand by 10 acres for new animals