മുംബൈ: ടൂറിസം ഭൂപടത്തിലേക്ക് പുതിയൊരു കാഴ്ച കൂടി എഴുതിച്ചേര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് മഹാരാഷ്ട്ര. മുംബൈയില്‍ പുതിയൊരു തൂക്കുപാലം നിര്‍മിച്ചാണ് മഹാരാഷ്ട്ര ടൂറിസം വകുപ്പ് സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുന്നത്. 

ബൃഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മലബാര്‍ ഹില്ലിലാണ് ഈ തൂക്കുപാലം നിര്‍മിക്കുന്നത്. സഞ്ചാരികള്‍ക്ക് പാലത്തിലൂടെ നടന്ന് തടസ്സമില്ലാത്ത കടല്‍ക്കാഴ്ച കാണാന്‍ സാധിക്കും. ട്രീ ടോപ്പ് തൂക്കുപാലമായിരിക്കുമിത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 900 മീറ്റര്‍ നിളവും 1.5 മീറ്റര്‍ വീതിയുമുള്ള തൂക്കുപാലമാണ് സര്‍ക്കാര്‍ നിര്‍മിക്കുക. 2021 അവസാനത്തോടെ പാലത്തിന്റെ നിര്‍മാണം  പൂര്‍ത്തിയാകും. 10 കോടി രൂപ ചെലവിട്ടാണ് പാലം നിര്‍മിക്കുന്നതെന്ന് മഹാരാഷ്ട്ര ടൂറിസം മന്ത്രി ആദിത്യ താക്കറെ വ്യക്തമാക്കി. 

ഒക്ടോബറില്‍ പാലത്തിന്റെ നിര്‍മാണം ആരംഭിക്കും. സിങ്കപ്പൂരിലെ മാക്‌റിച്ചി റിസര്‍വോയറിലുള്ള ട്രീ ടോപ്പ് വാക്കിനോട് സമാനമായ രീതിയിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക. 

Content Highlights: Mumbai all set to get tree-top walkway at Malabar Hills