ഗൂഡല്ലൂര്‍: മുതുമല കടുവസങ്കേതത്തില്‍ വിനോദസഞ്ചാരികളെത്തി   തുടങ്ങിയതോടെ മാസങ്ങളോളം അടച്ചിട്ട വിനോദസഞ്ചാരകേന്ദ്രം ഉണര്‍ന്നു. കൂട്ടമായെത്തുന്ന കാട്ടാനകളും മയിലുകളും മൈസൂരു-ഗൂഡല്ലൂര്‍-ഊട്ടിറോഡില്‍ കണ്ണിനിമ്പമുള്ള കാഴ്ചയാണിപ്പോള്‍.

മൈസൂരു, ഊട്ടി ഭാഗങ്ങളില്‍നിന്നായി നിരവധിപേരാണ് മുതുമലയില്‍ രണ്ടാഴ്ചയായെത്തുന്നത്. തൊറപ്പള്ളിമുതല്‍ ഹോട്ടലുകളുള്‍പ്പെടെ കടകളും മറ്റുസാമഗ്രികള്‍ വില്‍ക്കുന്നവരും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ നിയന്ത്രണങ്ങള്‍ നീങ്ങി സജീവമായി. ഏപ്രില്‍ 20-ന് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ടസങ്കേതം കഴിഞ്ഞ ആറാം തീയതിയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും തുറന്നത്. 

കൈ അണുവിമുക്തമാക്കാനുള്ള സൗകര്യവും ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനവുമുള്‍പ്പെടെയേര്‍പ്പെടുത്തിയാണ് സങ്കേതത്തിലേക്ക് ഇപ്പോള്‍ സഞ്ചാരികളെ കടത്തിവിടുന്നത്.

കാല്‍ മണിക്കൂര്‍ ഇടവിട്ട് ഗൂഡല്ലൂരില്‍നിന്നും മൈസൂരുഭാഗത്തുനിന്നും ഇവിടേക്ക് ബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. കര്‍ണാടകാതിര്‍ത്തിയില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന കര്‍ക്കശമാക്കിയിട്ടുണ്ടെങ്കിലും രണ്ടുഡോസ് വാക്‌സിനെടുത്തവരെ കടത്തിവിടുന്നുണ്ട്.

എന്നാല്‍ കേരളത്തില്‍നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കിറ്റ് ഇപ്പോഴും നിര്‍ബന്ധമാണ്. കേരളത്തില്‍ കോവിഡ് നിരക്ക് ഇപ്പോഴും സജീവമായിത്തുടരുന്നതിലാണ് ഇത്തരത്തില്‍ പരിശോധന കര്‍ക്കശമായി തുടരുന്നത്.

ട്രിപ്പിള്‍ലെയര്‍ എന്‍. 95 മാസ്‌ക് സഞ്ചാരികള്‍ക്ക് നിര്‍ബന്ധമാണ്. കേന്ദ്രങ്ങളില്‍ രാവിലെ 6.30 മുതല്‍ പത്തുമണിവരേയും ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ അഞ്ചുവരേയും വാഹനസഞ്ചാരസൗകര്യമുണ്ട്. 

ആനസവാരിയും അനുവദിക്കുന്നുണ്ട്. അതിഥിമന്ദിരങ്ങളും ഡോര്‍മിറ്ററികളും തുറന്നു. എന്നാല്‍ സന്ദര്‍ശകര്‍ക്ക് ഇവിടങ്ങളില്‍ നിയന്ത്രണമുണ്ട്. പനി, ചുമ എന്നിവയുള്ളവരേയും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരേയും ഗര്‍ഭിണികളേയും കുട്ടികളേയും കടത്തിവിടുന്നില്ല. ക്യാമ്പിലെ വളര്‍ത്താനകളുടെ മായാര്‍പുഴയിലെ കുളിയും കാലത്തും വൈകുന്നേരവുമുള്ള ആനയൂട്ടും കാണാന്‍ സഞ്ചാരികള്‍ക്ക് അനുവാദമുണ്ട്.

Content Highlights: mudhumala tiger reserve reopened after a while