സിന്ധുവും മകൻ ഗോപകുമാറും ലഡാക്കിൽ
പറവൂര്‍: വീതിക്കരയുള്ള സെറ്റുസാരിയുടുത്ത് പരമ്പരാഗത മട്ടിലുള്ള മലയാളി മങ്കയായി സിന്ധുവും കസവുമുണ്ടുടുത്ത് മകന് കണ്ണനും. മഞ്ഞുപുതഞ്ഞ ലഡാക്കിലെ ഡുംഗ്ലയില് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ഫലകത്തിനടുത്തേക്ക് അവര്‍ എത്തിയത് ആഹ്ലാദംകൊണ്ട് തുള്ളിച്ചാടിയായിരുന്നു. ആഗ്രഹങ്ങള്‍ സാധിച്ചെടുത്ത ഒരമ്മയുടെയും മകന്റെയും വലിയ വിജയത്തിന്റെ ആഹ്ലാദം.
ഏഴിക്കര കടക്കര ഗ്രാമത്തിലെ കൊച്ചുവീട്ടില്‍ നിന്ന് ഏപ്രില്‍ 20നാണ് പേരേപ്പറമ്പില്‍ സിന്ധു കുട്ടനും (50), മകന് ഗോപകുമാറും (26) ബൈക്കില്‍ ലഡാക്കിലേക്ക് തിരിക്കുന്നത്. അന്ന്, ഇവരെ യാത്രയാക്കാന്‍ ഗ്രാമം മുഴുവന്‍ ഒത്തുകൂടിയിരുന്നു. മേയ് 14ന് അമ്മയും മകനും തിരിച്ചെത്തിയപ്പോഴും കടക്കരക്കാര് പൂച്ചെണ്ടുകള്‍ നല്കി വരവേറ്റു.
കഷ്ടപ്പെട്ട് ജോലിചെയ്ത് ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്കും ഇതുപോലെ ചെറിയ ജീവിതത്തില്‍ വലിയ ആഗ്രഹങ്ങള്‍ നേടാനാവുമെന്ന് കാണിച്ചുതരുകയാണിവര്.
എറണാകുളം മഹാരാജാസ് കോളേജ് കാന്റീനിലെ പാചകക്കാരിയാണ് സിന്ധു. ഒന്നര പതിറ്റാണ്ടിലേറെയായി കാന്റീന് കിച്ചണിലെ വിറകടുപ്പിന്റെ പൊള്ളുന്ന ചൂടില്‍ സിന്ധുവുണ്ട്. അവിടെ എല്ലാവരുടെയും പ്രിയപ്പെട്ട ചേച്ചി. എടവനക്കാട് ബജാജ് ഷോറൂമിലെ സെയില്‍സ് മാനാണ് മകന് ഗോപകുമാര്‍. 8,500 കിലോമീറ്ററോളം നീണ്ട യാത്രയിലെ വീഡിയോകളും അനുഭവങ്ങളും ഇവരുടെ യൂട്യൂബ് ചാനലായ 'കൊണ്ടാട്ടം ഫാമിലി' യിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചത് നൂറുകണക്കിനാളുകള്‍ കണ്ടു. റേഷനരിച്ചോറും നാടന്‍ അച്ചാറുകളുമടങ്ങിയ ലഘുഭക്ഷണമായിരുന്നു യാത്രയിലുടനീളം. വെള്ളംമാത്രം വാങ്ങി.
മലയാളികളായ പട്ടാളക്കാര്‍ കട്ടന്‍ചായയും ബിസ്കറ്റും നല്കി. 13 ദിവസം യാത്രചെയ്ത് മേയ് മൂന്നിന് ലഡാക്കിലെത്തി. കാര്‍ഗില്‍ വാര് മ്യൂസിയവും ദാല്‍ തടാകവും ഒക്കെ കണ്ടു. ഭാഷ, ഒരു തടസ്സമേയല്ലെന്ന് സിന്ധു. മകന് തപ്പിയും തടഞ്ഞും അത്യാവശ്യം ഹിന്ദി പറഞ്ഞു. അമ്മയും മകനും മാറിമാറിയാണ് ബൈക്ക് ഓടിച്ചത്. പെട്രോള്ച്ചെലവ് ഉള്‍പ്പെടെ ഒരു ലക്ഷം രൂപയോളം ചെലവുവന്നു. മരുന്നുകള്‍ കരുതിയിരുന്നെങ്കിലും ഒന്നും വേണ്ടിവന്നില്ല.
ലഡാക്കില്‍ നിന്ന് മണാലി വഴിയുള്ള മടക്കയാത്രയില്‍ രണ്ടു ദിവസം പട്ടാളക്കാര്‍ യാത്രികരെ കടത്തിവിടാതിരുന്നതിനാല്‍ അവിടെ തങ്ങേണ്ടിവന്നു. ദിവസവും 250 കിലോമീറ്റര്‍ മുതല്‍ 900 കിലോമീറ്റര്‍ വരെ വണ്ടിയോടിച്ചു. സര്‍പ്രൈസായി ഇനിയൊരു യാത്രകൂടിയുണ്ടെന്ന് അമ്മയും മകനും പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..