കോയമ്പത്തൂര്‍: വനപാതയോരത്ത് നിന്ന കുട്ടിയാനയുടെ സമീപം വാഹനം നിര്‍ത്തി ശല്യം ചെയ്ത വിനോദസഞ്ചാരികളില്‍ നിന്ന് വനംവകുപ്പ് പിഴ ഈടാക്കി. തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തില്‍, അഭയാരണ്യത്തിനടുത്താണ് സംഭവം. 

വന്യമൃഗങ്ങളെ ശല്യം ചെയ്ത കുറ്റത്തിന് മഹാരാഷ്ട്ര സ്വദേശികളായ സാവന്ത്, അഭിജിത്, രോഹിത് എന്നീ യുവാക്കളില്‍ നിന്നായി 20,000 രൂപയാണ് അധികൃതര്‍  ഈടാക്കിയത്.

റോഡരികില്‍ നിന്ന കുട്ടിയാനയുടെ സമീപം വാഹനം നിര്‍ത്തുകയും പുറത്തേക്ക് കൈയിട്ട് തലോടുകയും ചെയ്യുന്ന ഫോട്ടോ പിന്നാലെ വന്ന യാത്രികര്‍ പകര്‍ത്തുകയും വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.