പൊന്മുടി: പൊന്മുടിയെ ലോകനിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്താന്‍ വനസംരക്ഷണം ഉയര്‍ത്തിപ്പിടിച്ചുള്ള വികസനപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊന്മുടിയിലെ കെ.ടി.ഡി.സി.യുടെ ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടില്‍ പണികഴിപ്പിച്ച 15 കോട്ടേജുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ലോവര്‍ സാനിറ്റോറിയത്തിന്റെ വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി രണ്ടുകോടി രൂപയുടെ പദ്ധതികള്‍ക്കു ഭരണാനുമതിയായി. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

ഗോള്‍ഡന്‍ പീക്കില്‍ പുതുതായി 15 കോട്ടേജുകളാണ് സമയബന്ധിതമായി നിര്‍മിച്ചത്. ഇതിനുപുറമേ, പഴയ ഗസ്റ്റ് ഹൗസില്‍ ഏഴുമുറികള്‍ നവീകരിച്ചിട്ടുണ്ട്. പുതിയ മന്ദിരം കുറേക്കാലമായി പൂര്‍ത്തിയാകാതെ കിടക്കുന്നതു പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും.

ചടങ്ങില്‍ ഡി.കെ.മുരളി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ.ടി.ഡി.സി. ചെയര്‍മാന്‍ എം.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, വാമനപുരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രന്‍, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി, വാമനപുരം ബ്‌ളോക്ക് പഞ്ചായത്തംഗം ഷീബാ ഗിരീഷ്, പെരിങ്ങമ്മല പഞ്ചായത്തംഗം ജിഷ എ.ആര്‍., കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടര്‍ ആര്‍.രാഹുല്‍, ഗോള്‍ഡന്‍ പീക്ക് മാനേജര്‍ കെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

3.2 കോടി രൂപ അടങ്കലിലാണ് 15 പുതിയ കോട്ടേജുകള്‍ പൊന്മുടിയിലെ ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടില്‍ പുതുതായി പണികഴിപ്പിച്ചത്. നിലവിലുള്ളതുള്‍പ്പെടെ 29 കോട്ടേജുകള്‍ ഇപ്പോള്‍ ഇവിടെയുണ്ട്.

Content Highlights: Kadakampally Surendran, KTDC Golden Peak Resort Ponmudi, Ponmudi Tourism