വേളി ടൂറിസ്റ്റ് വില്ലേജില്‍ നടപ്പിലാക്കുന്ന കുട്ടിത്തീവണ്ടി (മിനിയേച്ചര്‍ ട്രെയിന്‍) പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പാത നിര്‍മിക്കുന്നതിനുള്ള പണികള്‍ കഴിഞ്ഞദിവസം ആരംഭിച്ചു.
10 കോടി ചെലവാക്കിയാണ് 'കുട്ടിത്തീവണ്ടി' പദ്ധതി നടപ്പിലാക്കുക. 2020 ജനുവരിയോടെ കമ്മിഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള തീവണ്ടിപ്പാതയാണ് നിര്‍മിക്കുന്നത്.
വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന തീവണ്ടിയാണെങ്കിലും പണ്ട് പ്രചാരത്തിലിരുന്ന ആവി എന്‍ജിന്റെ മാതൃകയിലാണ് നിര്‍മിക്കുന്നത്. സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ബാറ്ററികളില്‍ വൈദ്യുതി സംഭരിക്കും. ഈ ബാറ്ററികളുപയോഗിച്ചാണ് തീവണ്ടി ഓടുക. ഇതില്‍നിന്ന് കൃത്രിമമായി പുക പറക്കും.
പരമ്പരാഗത രീതിയിലുള്ള മിനി തീവണ്ടിസ്റ്റേഷനാണ് വില്ലേജിലൊരുക്കുക. ടൂറിസ്റ്റ് വില്ലേജില്‍ നിന്നാരംഭിക്കുന്ന തീവണ്ടിപ്പാത അവിടത്തെ ശംഖുകുളം ചുറ്റി കുട്ടികളുടെ പാര്‍ക്കിലൂടെ കടന്ന് കായലോരം വഴി ഫ്‌ളോട്ടിങ് പാലത്തിലെത്തും. ഇവിടെ നിന്ന് കടല്‍ത്തീരം വഴി ജില്ലാ പ്രൊമോഷന്‍ കൗണ്‍സിലിന്റെ നീന്തല്‍ക്കുളം ചുറ്റി തിരികെ വില്ലേജിലെത്തുന്ന തരത്തിലാണ് തീവണ്ടിപ്പാത നിര്‍മിക്കുന്നത്.
തീവണ്ടി കടന്നുപോകുന്ന വഴിയില്‍ തുരങ്കവും പാലവും നിര്‍മിക്കും. ഒരേ സമയം 45 പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. കാഴ്ചകള്‍ കാണുന്നതിന് തീവണ്ടിയുടെ ഇരുവശവും തുറന്നിട്ട നിലയിലാണ് സജ്ജീകരിക്കുക. മുംബൈയിലെ അഗര്‍വാള്‍ എന്ന കമ്പനിയാണ് തീവണ്ടിയും അനുബന്ധ ഉപകരണങ്ങളും വേളിയിലെത്തിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.
Content Highlights: Miniature Train, Veli Tourism Village