അരൂർ: മുന്നൂറേക്കർ വരുന്ന ചങ്ങരം പാടശേഖരത്തിൽ സീസണിലെത്തുക 209-തരം പക്ഷികൾ. ആയിരക്കണക്കിന് മൈലുകൾ താണ്ടിയെത്തുന്ന തൂവെള്ള സൈബീരിയൻ പക്ഷികളും രാജഹംസം അടക്കമുള്ള പക്ഷികളും ഇക്കൂട്ടത്തിലുണ്ട്. കോടംതുരുത്തിലെ ചങ്ങരം എന്ന ചെറിയ പാടത്ത് മാത്രമല്ല സമീപത്തെ നൂറുകണക്കിന് പാടശേഖരങ്ങളിലും പക്ഷികൾ ഹാജർ വെക്കും. 

ജനുവരി അവസാനം മുതൽ നാലു മാസത്തോളം ഇവിടം പക്ഷികളുടെ സ്വർഗമാകും. ഒപ്പം വിദേശങ്ങളിൽ നിന്നടക്കം പക്ഷി നിരീക്ഷകരുമെത്തും. മത്സ്യകൃഷിക്കു ശേഷം വെള്ളം വറ്റിക്കുന്നതോടെ തെളിയുന്ന ചെറുമീനുകളെ അകത്താക്കാനാണ് പക്ഷികൾ എത്തുന്നത്.

ഏറ്റവും വലിയ ജലപക്ഷിയായ രാജഹംസം (ഗ്രേറ്റർ ഫ്ളെമിംഗോ), വയൽ കുരുവി (െപ്ലയിൻ പീനിയ), പട്ടുവാലൻ സൂചിക്കൊക്ക് (ബ്ലാക്ക് ടെയിൽഡ് ഗോഡ് വിറ്റ്), സൈബീരിയൻ മണൽക്കുരുവികൾ തുടങ്ങി ചെറിയ മീൻകൊത്തി വരെ ഇവിടെയുണ്ടാകും.

Changarm 1

10 വർഷം മുൻപാണ് ചങ്ങരത്ത് പക്ഷിനിരീക്ഷണ കേന്ദ്രം എന്ന ആശയം വന്നത്. വനംവകുപ്പ് റോഡരികുകളിൽ വൃക്ഷങ്ങൾ പിടിപ്പിച്ചു. പക്ഷിവേട്ടക്കാരെ പിന്തിരിപ്പിക്കാൻ 40 അംഗങ്ങളുള്ള ബേർഡ്‌സ് എഴുപുന്ന എന്ന സംഘവും നിലവിൽ വന്നു.

സീസണായാൽ യു.കെ., സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുപോലും പക്ഷിനിരീക്ഷകർ ഇവിടെയത്തും. കൊച്ചിയോടുള്ള അടുപ്പവും ഗ്രാമീണചാരുതയും പക്ഷികളുടെ സാന്നിധ്യവും ഒക്കെ ചങ്ങരത്തെ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നു.

ഇവിടത്തെ വികസന സാധ്യത മുന്നിൽ കണ്ട് ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലും വിശദമായ വികസന പദ്ധതികൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പക്ഷിസങ്കേതത്തിലേക്കുള്ള റോഡരികുകൾ ടൈൽ പാകി മോടി പിടിപ്പിക്കുന്നതിനും മിനി വാച്ച് ടവർ സ്ഥാപിക്കുന്നതിനുമായി എട്ട് ലക്ഷം രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ടെന്ന് കോടംതുതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ പറഞ്ഞു.

Content Highlights: migratory birds in kerala, changaram birds, Greater flamingo