കോയമ്പത്തൂർ: മേട്ടുപ്പാളയം-കൂനൂർ റോഡിൽ കല്ലാറിൽ ആകാശപാതയ്ക്ക്‌ വഴിയൊരുങ്ങുന്നു. വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിന് ഇനി വാഹനങ്ങളുടെ തടസ്സം നേരിടേണ്ടിവരില്ല. രണ്ട് കിലോമീറ്റർ നീളംവരുന്ന പാതയാണ് വിഭാവനംചെയ്തിരിക്കുന്നത്. 200 കോടി രൂപയാണ് പദ്ധതിക്ക്‌ വേണ്ടിവരികയെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.

ഊട്ടി റോഡിൽ ദൂരിപാലം മുതൽ കല്ലാർവരെ കാട്ടാനകൾ, കടുവ, പുലി, കരടി, രാജവെമ്പാല അടക്കമുള്ള വിവിധ പാമ്പ് വർഗങ്ങൾ, കുരങ്ങുകൾ എന്നിവ റോഡ് മുറിച്ചുകടക്കുക പതിവാണ്. തുടർച്ചയായുള്ള വാഹനഗതാഗതംകാരണം കുരങ്ങുകൾ വാഹനമിടിച്ച് ചാകാറുണ്ട്. ആകാശപാതവരുന്നത് ഇതിനെല്ലാം പരിഹാരമാകും. കല്ലാർ ജക്കനാര ആനത്താരകളിൽക്കൂടി സഞ്ചാരം സ്വൈരമായി നടക്കുമെന്നതിനാൽ വനംവകുപ്പും പദ്ധതിയെ സ്വാഗതംചെയ്യുന്നു.

കേന്ദ്രസർക്കാർ ദേശീയപാത അതോറിറ്റിക്ക് ഈ വഴിയുള്ള മേൽപ്പാല പദ്ധതിക്കായി ഒരു കോടി രൂപ അനുവദിച്ചു. സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ മൂന്നുമാസത്തിനകം പദ്ധതിയുടെ രൂപരേഖ തയ്യാറാക്കും. വനംവകുപ്പിന്റെ അല്ലാത്ത സ്ഥലം ഇതിനായി ഏറ്റെടുക്കേണ്ടിവരും. വനംവകുപ്പിന്റെ സ്ഥലങ്ങളിൽ തൂണുകൾ മാത്രമേ ഉണ്ടാകൂ. പദ്ധതി പൂർത്തിയായാൽ വനത്തിന് മുകളിൽ കൂടി രണ്ട് കിലോ മീറ്ററോളം നീളത്തിൽ നാലുവരി പാതവരുമെന്ന് അധികൃതർ അറിയിച്ചു.

ദൂരിപാലം (ഊഞ്ഞാൽ പാലം) തുടങ്ങി കൂനൂർ പാതയിലെ രണ്ടാമത്തെ ഹെയർപിൻ വളവ് വരെയാണ് പാലം ചെന്നെത്തുക.

2.4 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് മേൽപ്പാലം വരിക. ഇതിന്റെ രൂപരേഖ തയ്യാറാക്കാനുള്ള സ്വകാര്യ കമ്പനി ഡിസംബർ 15 മുതൽ പ്രവർത്തനം ആരംഭിക്കും. അടുത്ത ജൂൺമാസത്തിനുള്ളിൽ പദ്ധതിയുടെ വിശദവിവരങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിക്കാമെന്നാണ് പ്രതീക്ഷ.കോൺക്രീറ്റ് തൂണുകളുടെ എണ്ണം, സ്ഥലം, സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഏറ്റെടുക്കേണ്ട സ്ഥലം, തുടങ്ങിയ കാര്യങ്ങൾക്കാണ് സ്വകാര്യ കമ്പനിയുടെ രൂപരേഖയിൽ കണ്ടെത്തുക.

വനംവകുപ്പിന്റെ സ്ഥലം ഉപയോഗിക്കുന്നതുകൊണ്ട് കേന്ദ്രവനം മന്ത്രാലയത്തിന്റെ അനുമതിയും വേണം. തത്വത്തിൽ അംഗീകാരം ലഭിച്ച പദ്ധതിക്ക് 200 കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള പദ്ധതി അടങ്കൽ തുക കേന്ദ്രസർക്കാർ അനുവദിക്കേണ്ടതുണ്ട്.

Content Highlights: Mettupalayam Conoor road, sky walk way over forest, Tamil Nadu forest department