മൂലമറ്റം : അനന്തമായ ടൂറിസം സാധ്യതകൾ ഉണ്ടായിട്ടും മേമുട്ടത്തെ മലനിരകളെ സർക്കാരും വിനോദസഞ്ചാര വകുപ്പും അവഗണിക്കുന്നതായി പരാതി. വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്തിയാൽ പ്രദേശവാസികളുടെ ജീവിത സാഹചര്യം മാറുന്നതിനൊപ്പും വികസനത്തിന്റെ വെളിച്ചം ഇവിടെയും വീശുമെന്നറുപ്പാണ്. അറക്കുളം പഞ്ചായത്തിന്റെ വികസനത്തിനും വരുമാന വർധനയ്‌ക്കും പുൽമേട് കേന്ദ്രികരിച്ചുള്ള വിനോദ സഞ്ചാരികളുടെ വരവ് സഹായിക്കുമെന്നിരിക്കെ അധികൃതർ ഉണർന്ന് പ്രവർത്തിച്ചാൽ ജില്ലയ്ക്ക് നല്ലൊരു വിനോദ സഞ്ചാരകേന്ദ്രവും ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ ജീവിതവും മാറുമെന്നുറപ്പാണ്.
കാഴ്ചയുടെ വിരുന്നൊരുക്കും
വാഗമൺ പുൽമേടുകളെ പോലും വെല്ലുന്നത്ര ഭംഗിയാണ് മേമുട്ടം മുതൽ ഉളുപ്പൂണിവരെ റോഡിന് ഇരുവശവുമുള്ള കാഴ്ചകൾ. കിലോമീറ്ററുകളോളം ചെറു കുന്നുകളായി കിടക്കുന്ന പ്രദേശവും പുൽമേടുകളും മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ചിത്രങ്ങൾ വഴി വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട് മേമുട്ടത്തെ. ഇടുക്കി ജലാശയത്തിന്റെ നീലിമയാർന്ന വിദൂരക്കാഴ്ചയും സായംകാലത്ത് ദീപപ്രഭയിൽ കുളിച്ച മൂലമറ്റവുമാണ് സഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട കാഴ്ച. ഓഫ് റോഡ് സവാരിക്കും ഇവിടെ സഞ്ചാരികൾ എത്തുന്നുണ്ട്.
എത്തിച്ചേരാൻ കുറച്ച് കഷ്ടപ്പെടണം
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാകുമ്പോഴും സുഗമമായി എത്തിച്ചേരാൻ യാത്രാസൗകര്യം ഇല്ലാത്തത് ഒരു തിരിച്ചടിയാണ്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാകാനുള്ള എല്ലാ സാധ്യതകളുമുണ്ടായിട്ടും തഴയപ്പെട്ടുപോകുന്നതിന്റെ പ്രധാന കാരണവും. മൂലമറ്റത്ത് നിന്നും എട്ടുകിലോമീറ്റർ മാത്രം അകലെയുള്ള പുൽമേട് കാണാൻ ഇപ്പോൾ പതിനഞ്ചിലധികം കിലോമീറ്റർ സഞ്ചരിച്ച് ഉളുപ്പൂണിയിലെത്തി അവിടെ നിന്ന് വേണം മേമുട്ടം പുൽമേട്ടിലെത്താൻ. ഇക്കാരണത്താൽ തൊടുപുഴ ഭാഗത്തുനിന്ന് വരുന്ന സഞ്ചാരികൾ പലപ്പോഴും ഇവിടേക്കെത്താറില്ല.
അടിസ്ഥാനസൗകര്യമൊരുക്കണം
വനംവകുപ്പോ, പഞ്ചായത്തോ, വിനോദസഞ്ചാരവകുപ്പോ പുൽമേട് കാണാനെത്തുന്നവർക്കായി യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. കൂടാതെ സഞ്ചാരികളുടെ സുരക്ഷയ്ക്കും പരിഗണനയില്ല. അതിനാൽ തന്നെ കുടുംബമായിട്ടോ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ നിന്നോ ഇങ്ങോട്ട് കാഴ്ചകൾ കാണാനെത്താറില്ല.
ഭക്ഷണം, കുടിവെള്ളം, പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ ഈ പുൽമേടുകളും വിനോദ സഞ്ചരികളുട ഇഷ്ടകേന്ദ്രമാകും. ആശ്രമം-പതിപ്പള്ളി എന്നിവടങ്ങളിലെ റോഡിന്റെ പണി പൂർത്തിയാക്കി യാത്രാസൗകര്യം ഒരുക്കുന്നത്തോടെ ഇവിടേക്ക് സഞ്ചരികളുടെ ഒഴുക്ക് തന്നെയുണ്ടാകുമെന്നുറപ്പാണ്.
Content Highlights: Memuttam Hills, Idukki Tourism, Kerala Tourism, Travel News