മേപ്പയ്യൂർ : പ്രകൃതിസൗന്ദര്യംകൊണ്ട് അനുഗ്രഹിക്കപ്പെട്ട മേപ്പയ്യൂർ-കീഴരിയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മീറോട് മല ടൂറിസം സാധ്യതാ പ്രദേശമാണ്. ജില്ലയിലെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര ഭൂപടത്തിൽ വലിയ സാധ്യതകൾ നൽകാൻ ഇതിന് കഴിയും. മിച്ചഭൂമിയായി സർക്കാരിന്റെ കൈവശമുള്ള 140 ഏക്കറും സ്വകാര്യ ഉടമസ്ഥതയിലുള്ള 200 ഏക്കറുമാണ്‌ മലയുടെ വ്യാപ്തി. 

സ്വാഭാവിക ഭൂപ്രകൃതിക്ക് ഭംഗം വരാത്ത രീതിയിൽ ജൈവവൈവിധ്യ സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്തി അനന്തമായ വിനോദസഞ്ചാര ഭൂപ്രദേശമായിവിടം മാറ്റിയെടുക്കാൻ കഴിയും. ഉദയാസ്തമയ കാഴ്ചകൾ, അപൂർവ ജനുസ്സിൽപ്പെട്ട സസ്യജന്തു ചിത്രശലഭങ്ങളുടെ ആവാസസ്ഥലം, സാഹസിക സഞ്ചാര സാധ്യതകൾ, ജൈവവൈവിധ്യ പാരിസ്ഥിതിക പഠനസാധ്യതകൾ എന്നിവ ഈ പ്രദേശത്തെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. പ്രാദേശിക വിനോദസഞ്ചാര സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഭൗതികസാഹചര്യങ്ങൾ ഒരുക്കിയാൽ ജില്ലയിലെത്തന്നെ മികച്ച ഒരു വിനോദസഞ്ചാര കേന്ദ്രമായി ഇവിടം മാറ്റിയെടുക്കാൻ കഴിയും.

പദ്ധതി രേഖയിലെ നിർദേശങ്ങൾ

മേപ്പയ്യൂർ പഞ്ചായത്ത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് സമർപ്പിച്ച പദ്ധതിയിൽ ഒട്ടേറെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലയുടെ മുകൾഭാഗത്ത് പാരിസ്ഥിതിക പഠനകേന്ദ്രം, വാനനിരീക്ഷണ കേന്ദ്രം, ചരിത്ര-പരിസ്ഥിതി മ്യൂസിയം, ട്രക്കിങ്‌, റോപ്പ് ക്ലൈമ്പിങ്, നാടൻ കലാപരിശീലന കേന്ദ്രങ്ങൾ, കരകൗശല ഹബ്ബുകൾ എന്നിവ അവയിൽ ചിലത് മാത്രമാണ്. മേപ്പയ്യൂർ-കീഴരിയൂർ പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ മീറോട് ഹിൽസ് ഇക്കോ ടൂറിസം സൊസൈറ്റി രൂപവത്‌കരിക്കണമെന്നും പദ്ധതിയിൽ ചൂണ്ടിക്കാട്ടുന്നു.

Meerod 2
മീറോട് മലയിലെ പുൽമേട് | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ഒട്ടേറെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തൊട്ടടുത്ത്

മീറോട് മല വിനോദസഞ്ചാര കേന്ദ്രമായുയർത്തപ്പെടുമ്പോൾ തൊട്ടടുത്തുള്ള കുഞ്ഞാലി മരക്കാർ സ്മാരകം, കാപ്പാട് ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ജാനകിക്കാട്, വയലട വ്യൂ പോയന്റ്‌, പെരുവണ്ണാമൂഴി അണക്കെട്ട്, കക്കയം ഡാം, എന്നിവയൊക്കെ സമന്വയിപ്പിച്ചുകൊണ്ട് ഒരു ടൂറിസം പാക്കേജ് തന്നെ നിലവിൽവരുത്താൻ കഴിയും. കുന്നിൽ തട്ടുതട്ടായുള്ള സ്വാഭാവിക ഭൂപ്രകൃതിക്ക് ഹാനി വരാതെ നോക്കേണ്ടതും ആവശ്യമാണ്.

പതിനഞ്ച് കോടിയോളം രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സർക്കാറിന്റെ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ പരിസ്ഥിതി ലോല പ്രദേശമായ മീറോട് മല സംരക്ഷിച്ച് ഉത്തരവാദിത്വ വിനോദസഞ്ചാരത്തിന്റെ ഉത്തമ മാതൃകയായി മാറ്റിയെടുക്കാൻ കഴിയണം.

ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാക്കണം

പരിസ്ഥിതിലോല പ്രദേശമായ മീറോട് മല സംരക്ഷണം സർക്കാർ മുൻകൈ എടുത്ത് ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാക്കണം.

- ജിതിൻ അശോകൻ, പൊതുപ്രവർത്തകൻ

റിപ്പോർട്ട് സമർപ്പിച്ചു

പ്രദേശത്തെ ടൂറിസം സ്പോട്ടായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി റിപ്പോർട്ട് ഗ്രാമപ്പഞ്ചായത്ത് മുൻകൈ എടുത്ത് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്.

- രാജേഷ് അരിയിൽ, മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി

സർക്കാർ ഇടപെടണം

മീറോട് മലയെ പരിസ്ഥിതി ബോധവത്‌കരണത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതരത്തിലുള്ള പദ്ധതി നടപ്പിൽ വരുത്താൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം.

- സതീശൻ നരക്കോട് , സാംസ്കാരിക പ്രവർത്തകൻ

Content Highlights: Meerod Mala, Meerod Hills Kozhikode, Kerala Tourism,Kerala Village Tourism, Unknown Spots Kerala