നരക്കോട് മീറോട് മലയുടെ മുകൾഭാഗം | ഫോട്ടോ: മാതൃഭൂമി
മേപ്പയ്യൂര്‍: സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാര പ്രിയരുടെ ഇഷ്ടകേന്ദ്രമാണിപ്പോള് മേപ്പയ്യൂരിന് സമീപമുള്ള നരക്കോട് മീറോട് മല. മൂന്ന് പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന മലമുകളില്‍ സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ നിരവധി പേരെത്താറുണ്ട്. കീഴരിയൂര്‍, മേപ്പയ്യൂര്‍ പഞ്ചായത്തുകളിലായാണ് മലയുടെ കൂടുതല്‍ പ്രദേശം. ഇക്കോടൂറിസം കേന്ദ്രമായി വികസിപ്പിച്ചാല്‍ പ്രദേശത്തുകാര്‍ക്കും ഏറെ പ്രയോജനം ചെയ്യും. മലയുടെ മുകള്തട്ടിലെത്തിയാല് താഴ് വാരത്തെ കാഴ്ചകളെല്ലാം കാണാം. അകലെ അകലാപുഴയുടെ പ്രകൃതിഭംഗി ആസ്വദിക്കാം.
ദൂരക്കാഴ്ചയായി കടലും ദൃശ്യമാകും. അസ്തമയ കാഴ്ചയും മനോഹരമാണ്. ഇടയ്ക്ക് കോടമഞ്ഞും പെയ്തിറങ്ങും. യുവാക്കളാണ് പ്രദേശത്തേക്ക് കൂടുതലായി എത്തുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം വരുന്നവരും കുറവല്ല.
സര്‍ക്കാര്‍സ്ഥലവും സ്വകാര്യസ്ഥലവുമെല്ലാമുള്ള മേഖലയാണ് മലയോരം. ഇതിന്റെ മുകള്‍വശത്ത് കേന്ദ്രസര്‍ക്കാരിന്റെ മൈക്രോവേവ് റിപ്പീറ്റിങ് സ്റ്റേഷനും മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെ മൈക്രോ വേവ് മലയെന്നും വിളിപ്പേരുണ്ടായി. മലയുടെ മുകളില്‍ വലിയ കളരി, ചെറിയ കളരി എന്നു പേരുള്ള പ്രദേശങ്ങളുമുണ്ട്. പണ്ടുകാലത്ത് കളരിയുണ്ടായിരുന്നെന്നും പറയപ്പെടുന്നു. കീഴരിയൂര്‍ ഭാഗത്ത് നിന്നും ചമ്പഭാഗത്ത് കൂടിയും നരക്കോട് മരുതേരിപറമ്പ് ഭാഗത്ത് കൂടിയും മലയിലേക്ക് കടക്കാനുള്ള വഴികളുണ്ട്.
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളിലെ അറിയപ്പെടാത്ത പ്രകൃതി ഭംഗിയുള്ള കേന്ദ്രങ്ങള്‍ മാപ്പിങ് നടത്തി ഇക്കോടൂറിസം കേന്ദ്രങ്ങളായി വളര്‍ത്തിയെടുക്കാന്‍ നേരത്തെ ആലോചന നടത്തിയിരുന്നു. ഈ പ്രദേശവും ടൂറിസം സാധ്യതയുള്ള മേഖലയായി അടയാളപ്പെടുത്തിയിരുന്നു. നരക്കോട് സമീപത്ത് നിന്നാണ് ഇപ്പോള്‍ മലയുടെ മുകള്‍തട്ടിലേക്കുള്ള റോഡുള്ളത്.
ടാറിട്ട റോഡ് കുറച്ചു ദൂരമേയുള്ളൂ. ചെമ്മണ്‍പാത കോണ്‍ക്രീറ്റ് ചെയ്താല്‍ മലയിലേക്കുള്ള യാത്ര സുഗമമാക്കാം. വിശ്രമ സൗകര്യങ്ങളും കുട്ടികളുടെ പാര്‍ക്കുമെല്ലാം ഒരുക്കിയാല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകും.
മേപ്പയ്യൂര്‍-നെല്യാടി-കൊയിലാണ്ടി റോഡിലെ നരക്കോടെത്തണം. അവിടെനിന്ന് ഇരിങ്ങത്ത് റോഡിലേക്ക് പ്രവേശിച്ച് മരുതേരി പറമ്പത്തുവഴി രണ്ടുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ മീറോട് മലയിലേക്ക് എത്താം.
നരക്കോട് മലയിലെ വിനോദസഞ്ചാര വികസനത്തിന് പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലുണ്ട്. അധികം കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നുമില്ലാത്ത കാര്യങ്ങളാണ് ആലോചിക്കുന്നത്.
- സി.പി. ബീന, ഡി.ടി.പി.സി. സെക്രട്ടറി.
സാധ്യതയുള്ള മേഖല
നല്ലരീതിയില്‍ ടൂറിസംപദ്ധതി നടപ്പാക്കിയാല്‍ വിനോദസഞ്ചാരത്തിന് സാധ്യതയുള്ള മേഖലയാണ്.
- പി.കെ. റീന, മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
ഇക്കോടൂറിസം കേന്ദ്രമാക്കണം
ഏറെ യാത്രികര്‍ എത്തുന്ന പ്രകൃതിമനോഹരമായ കാഴ്ചകളുള്ള പ്രദേശമാണ് മീറോട് മല. സര്‍ക്കാര്‍ മുന്‍കൈയില്‍ ഇക്കോടൂറിസം കേന്ദ്രമായി വികസിപ്പിക്കണം.
- ജിതിന് അശോകന്, നരക്കോട്
ജൈവപാര്‍ക്കും ഉള്‍പ്പെടുത്താം
പ്രദേശത്തിന്റെ വിനോദസഞ്ചാരസാധ്യത ഉപയോഗപ്പെടുത്തി ആകര്ഷകമാക്കിമാറ്റാന് നല്ലൊരു പദ്ധതി നടപ്പാക്കണം. ഔഷധസസ്യങ്ങളൊക്കെ നട്ട്പിടിപ്പിച്ച് ജൈവപാര്‍ക്കാക്കി മാറ്റുന്നതും പരിഗണിക്കണം.
- വി.പി. ശിവദാസന്‍, ജനറല്‍ സെക്രട്ടറി, യങ്സ്റ്റേഴ്സ് സോഷ്യല്‍, എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..