കിളിമാനൂർ: മനസ്സിന് കുളിരേകാൻ കടലോളം നീളുന്ന ആകാശക്കാഴ്ച. കുളിച്ചുല്ലസിക്കാൻ വെള്ളച്ചാട്ടം. ഇവയെല്ലാം കിളിമാനൂരിലുണ്ട്. ഇവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ നാടിന് വികസനവും തൊഴിൽനേട്ടങ്ങളുമുണ്ടാകും. ധാരാളം പേർക്ക് സുരക്ഷിതമായി കാഴ്ചകളാസ്വദിക്കാനുള്ള അവസരവും തുറന്നുകിട്ടും.

പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തമ്പുരാട്ടിപ്പാറയും പുളിമാത്ത് പഞ്ചായത്തിലെ കടലുകാണിപ്പാറയും പഴയകുന്നുമ്മേൽ, കുമ്മിൾ, കടയ്‌ക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മീൻമുട്ടി വെള്ളച്ചാട്ടവും പ്രാദേശിക വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളാണ് മുന്നോട്ട് വയ്ക്കുന്നത്. വികസനത്തിനായി ഒറ്റപ്പെട്ട ചില ഇടപെടലുകൾ ഇവിടങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നുള്ളതിൽ കവിഞ്ഞ് കാര്യമായ ഒരു പദ്ധതിയും ഈ മൂന്നിടങ്ങളിലും ഉണ്ടായിട്ടില്ല.

THamburattippara
തമ്പുരാട്ടിപ്പാറ

സംസ്ഥാനപാതയിൽ കാരേറ്റ് ജങ്ഷനിൽ നിന്നും അഞ്ചുകിലോമീറ്റർ മാറി താളിക്കുഴിക്ക് സമീപമാണ് കടലുകാണിപ്പാറ. പാറയുടെ മുകളിൽ നിന്നുള്ള താഴ്‌വാരത്തിന്റെ ദൃശ്യങ്ങൾ ആരെയും ആകർഷിക്കും. ഉദയവും അസ്തമയവും സമ്പൂർണ സൗന്ദര്യത്തോടെ ഇവിടെനിന്നാസ്വദിക്കാം. തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ അകലെ അറബിക്കടലിലൂടെ പോകുന്ന കപ്പലുകളും കാണാനാകും. പാറയുടെ ഒരു വശത്ത് ഒരു ഗുഹാക്ഷേത്രവുമുണ്ട്. ഇവിടെ പല ഘട്ടങ്ങളിലായി വിവിധ പദ്ധതികൾ നടപ്പാക്കി. എന്നാൽ ഒന്നും ഉദ്ദേശിച്ച ഫലം കണ്ടിട്ടില്ല.

സംസ്ഥാനപാതയിൽ കിളിമാനൂർ പോലീസ് സ്‌റ്റേഷന് സമീപത്തുനിന്നും തൊളിക്കുഴി റോഡിലൂടെ യാത്രചെയ്താൽ തല ഉയർത്തിനില്ക്കുന്ന തമ്പുരാട്ടിപ്പാറ കാണാം. ചെറിയ കുന്നിനുമുകളിലെ ഈ വലിയ പാറ ഒറ്റനോട്ടത്തിൽത്തന്നെ ആരെയും ആകർഷിക്കും. പാറയുടെ മുകളിലെത്തിയാൽ ചുറ്റിനും നോക്കെത്താദൂരത്തോളം പച്ചക്കടൽ. സന്ധ്യാനേരത്ത് അറബിക്കടലിലേക്ക്‌ ആഴ്ന്ന്‌പോകുന്ന സൂര്യബിംബത്തിന്റെ മനോഹരദൃശ്യം. പക്ഷേ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇതുവരെ അധികൃതർക്ക് തോന്നിയിട്ടില്ല.

Kadalukanippara
കടലുകാണിപ്പാറയിൽ നിന്നുള്ള താഴ്‌വാരക്കാഴ്ച

ശാന്തമായൊഴുകിവരുന്ന വലിയൊരു തോട് പാറക്കൂട്ടങ്ങൾക്കു മുകളിലൂടെ താഴേയ്ക്ക് പതിക്കുന്ന ദൃശ്യമാണ് മീൻമുട്ടിയിൽ. തൊളിക്കുഴിക്ക് സമീപമുള്ള ഇരുന്നൂട്ടിയിലാണ് ഈ വെള്ളച്ചാട്ടം. ശ്രീനാരായണഗുരു മൂന്ന് ദിവസം ധ്യാനനിരതനായിരുന്ന സ്ഥലമാണിതെന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെ ചരിത്രവും സൗന്ദര്യവും ഇവിടെ ഇഴചേരുന്നു. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിക്കാൻ പരിമിതമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

കടലുകാണിയെയും തമ്പുരാട്ടിപ്പാറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ് വേ പദ്ധതിയൊക്കെ പതിറ്റാണ്ടുകൾക്ക് മുമ്പ് ആസൂത്രണം ചെയ്‌തെങ്കിലും ഒന്നും നടന്നില്ല. ഒറ്റതിരിഞ്ഞുള്ള പദ്ധതികൾക്ക് പകരം ഈ മൂന്ന് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതി നടപ്പായാൽ അത് നാടിന് നേട്ടമാകും. ഈ കേന്ദ്രങ്ങളിലെത്തുന്നവർക്ക് യാത്രയ്ക്ക് നല്ല റോഡും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുമൊരുക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്കും കഴിയും. പക്ഷേ അതവരും ചെയ്യുന്നില്ല.

Content Highlights: meenmutti waterfall, kadalukanippara, thamburattippara, tourism destinations in thiruvananthapuram