ബാങ്കോക്ക്: ലോകമെമ്പാടുമുള്ള ബീച്ച് പ്രേമികളുടെ സ്വപ്‌നയിടമായ തായ്‌ലന്‍ഡിലെ മയ ബീച്ച് വീണ്ടും തുറക്കുന്നു. 2022 ജനുവരി ഒന്നിന് ബീച്ച് വീണ്ടും തുറക്കുമെന്ന് തായ്‌ലന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷണല്‍ പാര്‍ക്ക്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലിയനാര്‍ഡോ ഡി കാപ്രിയോ നായകനായി 2000-ല്‍ പുറത്തിറങ്ങിയ ദ ബീച്ച് എന്ന ചിത്രത്തിലൂടെ പ്രശ്‌സ്തമായ കടല്‍ത്തീരമാണ് മയ ബേ.

തായ്‌ലന്‍ഡിലെ ഹാറ്റ് നൊഫരാറ്റ് താര-മു കോ ഫൈ ഫൈ നാഷണല്‍ പാര്‍ക്കിലാണ് മയ ബേ സ്ഥിതി ചെയ്യുന്നത്. ക്രാബി പ്രവിശ്യയിലെ രണ്ട് ഫൈ ഫൈ ദ്വീപുകളിലൊന്നിന്റെ ഭാഗമാണ് ഈ തീരം. കുറഞ്ഞ ചെലവില്‍ താമസിക്കാവുന്ന ബജറ്റ് സൗഹൃദ താമസസംവിധാനങ്ങളാണ് ഇവിടത്തെ പ്രത്യേകത. അടയ്ക്കുന്നതിന് മുമ്പ് പകല്‍സമയത്ത് മാത്രമേ ബീച്ച് തുറന്നിരുന്നുള്ളൂ.

നിരവധി മുന്നറിയിപ്പുകളോടെയാണ് ഇവിടം വീണ്ടും തുറക്കുന്നത്. ബോട്ടുകള്‍ക്ക് ഉള്‍ക്കടലിലേക്ക് പ്രവേശിക്കാനാവില്ല എന്നതാണ് അതിലാദ്യത്തേത്. പകരം അഴിമുഖത്തുനിന്ന് ദ്വീപിന്റെ പിന്‍ഭാഗത്തുള്ള കല്‍ക്കെട്ടിലേക്കായിരിക്കും സഞ്ചാരികളെ ഇറക്കുക. ഒരേസമയം എട്ട് സ്പീഡ് ബോട്ടുകള്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. ഒരു റൗണ്ടില്‍ 300 വിനോദസഞ്ചാരികള്‍ക്ക് ഒരേസമയം സ്ഥലം സന്ദര്‍ശിക്കാം. പക്ഷേ സന്ദര്‍ശന സമയം ഒരു മണിക്കൂര്‍ മാത്രമായിരിക്കും. ദിവസവും രാവിലെ പത്തുമുതല്‍ നാലുവരെയാണ് ഇവിടേക്ക് പ്രവേശിക്കാനാവൂ.

Maya Bay 2

പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും ജലവിനോദങ്ങള്‍ക്കായി നിശ്ചിത പ്രദേശങ്ങള്‍ സജ്ജീകരിക്കാനും സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബീച്ച് ജനുവരി ഒന്നിന് വീണ്ടും തുറക്കാന്‍ തയ്യാറാകുമെന്നും പരിസ്ഥിതി പ്രകൃതി വിഭവ വകുപ്പ് മന്ത്രി വരാവൂത്ത് സില്‍പ-ആര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ, മയ ബേ വെറും നാല് മാസത്തേക്ക് അടച്ചിടുമൊണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉള്‍ക്കടലില്‍ പവിഴപ്പുറ്റുകള്‍ സംരക്ഷിക്കുന്നതിനും ദ്വീപിന്റെ സന്ദര്‍ശക സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും കൂടുതല്‍ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടല്‍ രണ്ട് വര്‍ഷം കൂടി നീട്ടുകയായിരുന്നു.

നിലവില്‍, ബോട്ടുകള്‍ക്ക് ഉള്‍ക്കടലിന്റെ പുറം പരിധിയില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ട്. സന്ദര്‍ശകര്‍ക്ക് അവരുടെ ബോട്ടില്‍ നിന്ന് ബീച്ച് കാണാന്‍ കഴിയും. നിയുക്ത സോണുകളില്‍ ഉള്‍ക്കടലിന്റെ മുന്‍വശത്തുള്ള സ്‌നോര്‍ക്കെലിംഗ് ഇപ്പോഴും അനുവദനീയമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ വിനോദസഞ്ചാര ആകര്‍ഷണമായിരുന്നു മയ ബേ. ദ ബീച്ച് എന്ന ചിത്രം ചിത്രീകരിച്ചതും വന്‍ ഹിറ്റായതുമാണ് ഈ ബീച്ചിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് കാരണം. അലക്‌സ് ഗാര്‍ലന്‍ഡിന്റെ ഇതേ പേരില്‍ 1996-ല്‍ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചത്.

Content Highlights: maya bay, maya beach Thailand, the beach movie, maya beach Thailand before and after