വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലൊന്നായ മൗറീഷ്യസ് തുറക്കുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യം ലോകസഞ്ചാരികളെ സ്വീകരിച്ചുതുടങ്ങും.

കോവിഡ് മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന മൗറീഷ്യസിന്റെ വരുമാനത്തില്‍ വലിയ ഇടിവുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിനോദസഞ്ചാര മേഖലയെ ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. 

രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് മൗറീഷ്യസിലേക്ക് പറക്കാനാകുക. ഒപ്പം യാത്രയ്ക്ക് 72 മണിക്കൂര്‍ മൂന്‍പെങ്കിലും എടുത്തിരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റും കൈയ്യില്‍ കരുതണം. 

സഞ്ചാരികള്‍ ക്വാറന്റീനില്‍ കഴിയേണ്ട ആവശ്യമില്ല. നേരിട്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കടക്കാം. ജൂലായ് പകുതിയോടെ രാജ്യത്ത് വിനോദസഞ്ചാര മേഖല ഉണര്‍ന്നെങ്കിലും ഇത്രയും ഇളവുകള്‍ വരുന്നത് ഇതാദ്യമായാണ്. ജൂലായില്‍ മൗറീഷ്യസിലെത്തിയ സഞ്ചാരികള്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണമായിരുന്നു. മൗറീഷ്യസ് ടൂറിസം പ്രമോഷന്‍ അതോറിറ്റി ഡയറക്ടര്‍ അരവിന്ദ് ബന്ധനാണ് പുതിയ തീരുമാനം അറിയിച്ചത്.

Content Highlights: Mauritius to reopen for travellers from October 1