ദ്വീപ് രാഷ്ട്രമായ മൗറീഷ്യസ് 2018-ല്‍ പ്രതീക്ഷിക്കുന്നത് 89,000 ഇന്ത്യന്‍ വിനോദസഞ്ചാരികളെ. കൂടാതെ ഇന്ത്യയില്‍ നിന്നുള്ള ചലച്ചിത്ര ഷൂട്ടിങ് സംഘങ്ങളേയും തങ്ങള്‍ കാത്തിരിക്കുകയാണെന്ന് മൗറീഷ്യസ് ടൂറിസം പ്രൊമോഷന്‍ അതോറിറ്റി അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാമായണത്തെ ആസ്പദമാക്കി കുനാല്‍ കോഹ്‌ലി സംവിധാനം ചെയ്യുന്ന രാം യുഗ് ആണ് ഇവിടെ പുതുതായി ചിത്രീകരണം ആരംഭിക്കുന്ന ഇന്ത്യന്‍ ചിത്രമെന്നും അവര്‍ പറഞ്ഞു.
മൗറീഷ്യസില്‍ സിനിമ ചിത്രീകരിക്കുന്നതിന് 30 ശതമാനം കിഴിവാണ് നിര്‍മാതാക്കള്‍ക്ക് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് മൗറീഷ്യസ് ടൂറിസം പ്രൊമോഷന്‍ അതോറിറ്റി ഡയറക്ടര്‍ അരവിന്ദ് ബുന്ധുന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സഞ്ചാരികളുടെ വരവില്‍ സ്ഥായിയായ വളര്‍ച്ചയാണുള്ളത്. മീറ്റിങ്ങുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കുമായി വരുന്നവരേയും നവദമ്പതികളേയും വിവാഹസംഘങ്ങളേയുമെല്ലാമാണ് രാജ്യത്തെ വിനോദസഞ്ചാര മേഖല ഉറ്റുനോക്കുന്നത്. 2020-ഓടെ മൗറീഷ്യസിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ വരവ് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
86,000 ഇന്ത്യക്കാരായിരുന്നു കഴിഞ്ഞവര്‍ഷം മൗറീഷ്യസിലെത്തിയത്. ഇന്ത്യന്‍ സഞ്ചാരികള്‍ യൂറോപ്യന്‍ സഞ്ചാരികളില്‍ നിന്നും വളരെ വ്യത്യസ്തത പുലര്‍ത്തുന്നവരാണെന്നാണ് ബുന്ധുവിന്റെ അഭിപ്രായം. ഏഴ് രാത്രികള്‍ ലക്ഷ്യമിട്ട് വരുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ ആറ് രാത്രികള്‍ പിന്നിടുമ്പോഴേക്കും വിവിധ പ്രദേശങ്ങള്‍ കണ്ടുതീര്‍ത്തിരിക്കും. എന്നാല്‍ വിദേശസഞ്ചാരികള്‍ മിക്കപ്പോഴും ആറു രാത്രിയും ഹോട്ടല്‍ മുറിയില്‍ ചിലവഴിക്കുകയാവുമെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം നാള്‍ക്കുനാള്‍ ശക്തിപ്രാപിച്ചുവരികയാണെന്ന് മൗറീഷ്യസിലെ ഇന്ത്യന്‍ സ്ഥാനപതി ജഗദീശ്വര്‍ ഗോബര്‍ധന്‍ പ്രതികരിച്ചു.
മൗറീഷ്യസില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍