മട്ടാഞ്ചേരി: വാട്ടര്‍ മെട്രോ വന്നാലും മട്ടാഞ്ചേരിയിലെ പുരാതനമായ ബോട്ട് ജെട്ടി ഉപേക്ഷിക്കില്ല. ആധുനിക സംവിധാനങ്ങളോടെ വരുന്ന വാട്ടര്‍ മെട്രോയ്ക്കുവേണ്ടി മട്ടാഞ്ചേരിയിലും ജെട്ടി നിര്‍മിക്കുമെങ്കിലും, നിലവിലുള്ള ബോട്ട് ജെട്ടിയുടെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കില്ല. മട്ടാഞ്ചേരിക്കാര്‍ പണ്ടുകാലം മുതല്‍ വില്ലിങ്ടണ്‍ ഐലന്‍ഡിലേക്കും, എറണാകുളത്തേക്കും വേഗത്തില്‍ എത്തിക്കൊണ്ടിരുന്നത് ബോട്ടിലാണ്. കുറച്ച് കാലമായി മട്ടാഞ്ചേരിയിലേക്ക് ബോട്ട് വരാത്തതിനാല്‍ ജെട്ടി ജീര്‍ണാവസ്ഥയിലാണ്.

മട്ടാഞ്ചേരി ഭാഗത്ത് എക്കലും ചെളിയും അടിഞ്ഞ് കായല്‍ നികന്നതിനാല്‍ ബോട്ടുകള്‍ക്ക് അടുക്കാനുമാകുന്നില്ല. ഇതോടെ നൂറ്റാണ്ടുകളുടെ തന്നെ പഴക്കമുള്ള ബോട്ട് സര്‍വീസും ഇല്ലാതായി. ജെട്ടി നവീകരിച്ച് പഴയതുപോലെ ബോട്ടുകള്‍ ഓടിക്കാനാണ് ലക്ഷ്യം. പരമ്പരാഗത റൂട്ടുകളിലേക്ക് സര്‍വീസുകള്‍ തുടരും. ജനത്തിന് ഏറെ പ്രയോജനപ്പെട്ടിരുന്ന സര്‍വീസാണിത്.

നവീകരണത്തിന് 97 ലക്ഷം

ജീര്‍ണിച്ചുകിടക്കുന്ന പഴയ ബോട്ട് ജെട്ടി നവീകരിക്കാന്‍ സര്‍ക്കാര്‍ 97 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പിനാണ് ചുമതല. ഡ്രഡ്ജ് ചെയ്ത്, എക്കല്‍ നീക്കി, ആഴം കൂട്ടുകയാണ് പ്രധാന ജോലി. ഡ്രഡ്ജ് ചെയ്യുന്ന എക്കല്‍ ഇടാന്‍ സ്ഥലംകിട്ടാതെപോയതാണ് ജോലികള്‍ വൈകാനിടയാക്കിയത്. ഇപ്പോള്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. മൂന്ന് പ്ലാറ്റ്ഫോമുകളോടെ ജെട്ടി പുനര്‍നിര്‍മിക്കും.

ജലഗതാഗത വകുപ്പിന്റെ പുതിയ ബോട്ടുകള്‍ക്ക് ജെട്ടിയില്‍ അടുക്കാന്‍ സംവിധാനമുണ്ടാക്കും. ജെട്ടിയുടെ കെട്ടിടങ്ങളും നവീകരിക്കും. പാര്‍ക്കിങ്ങിന് പ്രത്യേക സൗകര്യമുണ്ടാക്കും. പദ്ധതി നടത്തിപ്പിന് കരാര്‍ ഒപ്പുവെച്ചു. രണ്ടാഴ്ചയ്ക്കകം ജോലികള്‍ തുടങ്ങാനാണ് നിര്‍ദേശം. ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഇറിഗേഷന്‍ അസി. എക്‌സി. എന്‍ജിനീയര്‍ ഷിബു പറഞ്ഞു.

വാട്ടര്‍ മെട്രോ ജെട്ടി നിര്‍മാണം അനിശ്ചിതത്വം തുടരുന്നു

അതേസമയം വാട്ടര്‍ മെട്രോയ്ക്ക് വേണ്ടിയുള്ള ബോട്ട് ജെട്ടിയുടെ നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. ഇതിനുള്ള ഭൂമി ഏറ്റെടുക്കലും അനുമതിയുമൊക്കെ ആയിട്ടുണ്ട്. സാങ്കേതിക തടസ്സമൊന്നുമില്ല. കരാറുകാര്‍ക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സും നല്‍കിക്കഴിഞ്ഞു.ഇതിനിടെ ജോലി തുടങ്ങാനായി കരാറുകാര്‍ ചില ഉപകരണങ്ങളൊക്കെ എത്തിച്ചിരുന്നതുമാണ്. പിന്നീട്, അതൊക്കെ തിരിച്ചുകൊണ്ടുപോയി.ജോലി തുടങ്ങാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ് കത്ത് നല്‍കിയിട്ടുണ്ട്. കരാറുകാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights; mattancherry old boat jetty renovation to be done soon