ട്ടാഞ്ചേരി: കൊച്ചിയുടെ ടൂറിസം മേഖല ഉണരുകയാണ്... പക്ഷേ, പ്രധാന വിനോദസഞ്ചാര മേഖലയിലൊന്നായ ജൂതത്തെരുവ് സ്മാര്‍ട്ടാക്കാനുള്ള ജോലികള്‍ ഇപ്പോഴും ഇഴയുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ജോലികള്‍ തുടങ്ങിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും അത് പൂര്‍ത്തിയായിട്ടില്ല. ഇതിനിടെ ലോക്ഡൗണില്‍ മാസങ്ങളോളം ജുതത്തെരുവിലെ കച്ചവടകേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നു. ആ സമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അധികൃതര്‍ കണക്കിലെടുത്തില്ല. വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങുമ്പോള്‍, പണി തുടങ്ങിയാല്‍ അത് പ്രശ്‌നങ്ങള്‍ക്കിടയാക്കും. കൊച്ചിയില്‍ എല്ലാ മേഖലകളിലും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ജോലികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്.

കല്ല് വിരിക്കല്‍ പാതിവഴി

മട്ടാഞ്ചേരി സിനഗോഗിലേക്കുള്ള വഴിയിലെ കല്ലു വിരിക്കലാണ് പ്രധാനമായും മുടങ്ങിക്കിടക്കുന്നത്. നാലുമാസം മുമ്പ് പുതിയ വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ചുവെങ്കിലും അതിലേക്ക് ലൈനുകള്‍ മാറ്റിയിട്ടില്ല. ഇനി കടകള്‍ തുറക്കുന്ന ഘട്ടത്തില്‍ ലൈന്‍ മാറ്റാന്‍ ശ്രമിച്ചാല്‍ അത് കടക്കാര്‍ക്കും ബുദ്ധിമുട്ടാകും. കാനകളുടെ സ്ലാബുകളിട്ട് മോടിപിടിപ്പിക്കുന്ന ജോലികളും നടന്നിട്ടില്ല. നഗരസഭാ ഓഫീസിന് മുന്നിലുള്ള കാനകള്‍ക്കും സ്ലാബ് ഇട്ടിട്ടില്ല.

വാക്‌സിനേഷനും നടന്നില്ല

ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന മട്ടാഞ്ചേരി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കിയില്ലെന്ന് പരാതിയുണ്ട്. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാരും കൊച്ചി നഗരസഭയും പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനുള്ള നടപടികള്‍ തുടങ്ങിയതുമാണ്. എന്നാല്‍, കശ്മീരികള്‍ ഉള്‍പ്പെടെ മട്ടാഞ്ചേരി ജൂതത്തെരുവിലെ കച്ചവടക്കാര്‍ക്ക് വാക്‌സിന്‍ ലഭിച്ചില്ലെന്നാണ് പരാതി.

mattancherry
മട്ടാഞ്ചേരി ജൂതത്തെരുവിലെ കടകള്‍ തുറന്നപ്പോള്‍

പുരാവസ്തുക്കടകള്‍ തുറക്കുന്നു

സംസ്ഥാനത്ത് ഏറ്റവുമധികം പുരാവസ്തു വില്‍പ്പന കേന്ദ്രങ്ങളുള്ള ഇടമാണ് ജൂതത്തെരുവ്. ചരിത്രം നിറയുന്ന ഈ പാതയിലെ പുരാവസ്തു കേന്ദ്രങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. കോവിഡ്കാലം പുരാവസ്തു കച്ചവട മേഖലയ്ക്ക് വന്‍തിരിച്ചടിയായിരുന്നു. കച്ചവടം നടത്തിയിരുന്ന കശ്മീരികള്‍, കടകള്‍തന്നെ ഉപേക്ഷിച്ച് നാട്ടിലേക്കു പോയി. അടച്ചിട്ടതിനാല്‍ വസ്തുക്കള്‍ പലതും നാശമായി. കശ്മീരികളില്‍ കുറച്ചുപേര്‍ ഇപ്പോള്‍ തിരിച്ചുവന്നിട്ടുണ്ട്. പ്രധാന കടകള്‍ പലതും തുറന്നുതുടങ്ങി. ശേഷിക്കുന്നവ അടുത്ത ദിവസങ്ങളില്‍ തുറക്കും. ജൂതപ്പള്ളിയും മട്ടാഞ്ചേരി കൊട്ടാരവും അടുത്ത ദിവസങ്ങളില്‍ തുറക്കും.

ജോലികള്‍ വേഗം പൂര്‍ത്തിയാക്കണം

ജുതത്തെരുവിലെ നിര്‍മാണ ജോലികള്‍ വേഗം പൂര്‍ത്തിയാക്കണമെന്ന് കേരള ഹാന്‍ഡിക്രാഫ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി ജുനൈദ് സുലൈമാന്‍ ആവശ്യപ്പെട്ടു. സഞ്ചാരികളും മറ്റും വന്നുതുടങ്ങുമ്പോള്‍ പണികള്‍ നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content highlights : mattancherry jew street development project in the part of smart city without completion of work